റാവല്‍പിണ്ടി: ട്വന്‍റി20 ക്രിക്കറ്റിലെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക്. നാഷണല്‍ ട്വന്‍റി20 ചാമ്പ്യന്‍ഷില്‍ ലാഹോര്‍ വൈറ്റിനായി സല്‍മ്മാന്‍ ബട്ടും കമ്രാന്‍ അക്മലും ചേര്‍ന്നാണ് റെക്കോര്‍ഡ് സ്കോര്‍ പടുത്തുയര്‍ത്തിയത്. പുറത്താകാതെ 209 റണ്‍സെടുത്ത സഖ്യം നാറ്റ്‌വെസ്റ്റ് ട്വന്‍റി20 ബ്ലാസ്റ്റില്‍ ഡെല്‍ലിയും ബെല്‍ ഡ്രമണ്ടും ചേര്‍ന്ന് സ്ഥാപിച്ച 207 റണ്‍സിന്‍റെ റെക്കോര്‍ഡ് പഴങ്കഥയാക്കി.
ടി20യിലെ ഉയര്‍ന്ന മൂന്നാമത്തെ റെക്കോര്‍ഡ് കൂട്ടുകെട്ട് കൂടിയാണ് ഇത്. ഐപിഎല്ലില്‍ ബെംഗലുരു റോയല്‍ ചലഞ്ചേഴ്സിനായി കോലി- ഡിവില്ലേഴ്സ് സഖ്യം നേടിയ 229 റണ്‍സാണ് ഏത് വിക്കറ്റിലെയും ഉയര്‍ന്ന സ്കോര്‍. കമ്രാന്‍ അക്മല്‍ 71 പന്തില്‍ 150 റണ്‍സെടുത്തു. 14 ബൗണ്ടറികളും 12 സ്കിസുകളുമടങ്ങിയതാണ് അക്മലിന്‍റെ ഇന്നിംഗ്സ്.
ടി20യില്‍ 150 റണ്‍സെടുക്കുന്ന ആദ്യ പാക്കിസ്ഥാന്‍ താരമാണ് അക്മല്‍. അതേസമയം കരുതലോടെ കളിച്ച ബട്ട് 49 പന്തില്‍ 55 റണ്‍സെടുത്തു. പാക്കിസ്ഥാന്‍ പേസ് ബൗളര്‍മാരായ ഉമര്‍ ഗുല്‍, റഹത്ത് അലി, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഇവരുടെ താണ്ഡവം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇസ്ലാമാബാദ് 109 റണ്‍സിന് പുറത്തായി.
