കൊച്ചി: കേരളം കാത്തിരിക്കുന്ന ഫൈനലിന് ഇനി മണിക്കൂറുകള് ബാക്കി. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ  അത്‌ല്റ്റിക്കോ ഡി കൊല്‍ക്കത്തെയ നേരിടും. ആദ്യ സീസണിലെ ഫൈനലിലേറ്റ തോല്‍വിക്ക് സ്വന്തം നാട്ടില്‍ വെച്ച്  ബ്ലാസ്റ്റേഴ്‌സ് കണക്ക് തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ നേടയതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് ബൂട്ട് കെട്ടുന്നത്.

അത് കൊണ്ട് തന്നെ ആദ്യ ഇലവനില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് കോച്ച് സ്റ്റീവ് കോപ്പല്‍ തുനിയില്ലെന്നാണ് പ്രതീക്ഷ. രണ്ട് ഫൗളുകള്‍ കണ്ട ഹോസു പ്രിറ്റോ കളിക്കില്ല  എന്നതൊഴിച്ചാല്‍ മുഴുവന്‍ കളിക്കാരും മല്‍സരത്തിന് സജ്ജമാണ്.ആരോണ്‍ ഹ്യൂസും ഹെംഗ്ബാര്‍ട്ടും ഉള്‍പ്പെട്ട പ്രതിരോധ നിര ഈടൂര്‍ണമെന്‍റിലെ തന്നെ മികച്ചവരെന്ന് പേരെടുത്ത് കഴിഞ്ഞു.

ഫുള്‍‍ബാക്കില്‍ സന്തോഷ് ജിങ്കനും ഫോമിലാണ്. സികെ വിനീത്, ഡക്കന്‍സ് നാസോണ്‍ , റാഫി,ബെല്‍ഫോര്‍ട്ട് എന്നിവര്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. അരലക്ഷത്തിലേറെ വരുന്ന ആരാധകരുടെ പിന്തുണക്ക് നന്ദി പറയുന്ന സ്റ്റീവോ കോപ്പല്‍ ,പക്ഷെ ഗ്രൗണ്ടില്‍ കളിച്ച് ജയിക്കേണ്ടത് താരങ്ങല്‍ മാത്രമെന്ന് ഓര്‍മിപ്പിക്കുന്നു.

രണ്ടാം പാദ സെമിയില്‍ ഒമ്പത് പ്രധാന കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ച് ഏവരെയും അത്ഭുതപ്പെടുത്തിയ ജോസ് മൊളീനയും ചരിത്രം ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ്. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് അത്‌ലറ്റിക്കോയുടെ കളിക്കാരെല്ലാം ഫൈനല്‍ പോരാട്ടത്തിനിറങ്ങുക.ഒരിക്കല്‍ മലയാളി നെഞ്ചേറ്റിയ ഇയാന്‍ ഹ്യൂമും മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയും കൊല്‍ക്കത്തയുടെ പടനയിച്ച് മുന്നിലുണ്ടാകും.