കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ നാളെ കോഴിക്കോട് തുടങ്ങും. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് അവസാന റൗണ്ടിലേക്ക് യോഗ്യത നഷ്ടപ്പെട്ട കേരളം ഇത്തവണ മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ്.
ഉദ്ഘാടന മത്സരത്തില്‍ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളികള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി അവസാന റൗണ്ടിലേക്ക് യോഗ്യത നേടാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ കേരളത്തെ ഗോള്‍ ശരാശരിയില്‍ പിന്നിലാക്കിയാണ് ദക്ഷിണ മേഖലയില്‍ നിന്ന് തമിഴ്‌നാട് യോഗ്യത നേടിയത്. ദക്ഷിണ മേഖലയില്‍ നിന്ന് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയ സര്‍വ്വീസസ് കഴിഞ്ഞ തവണ ചാമ്പ്യന്‍മാരുമായി. എന്നാല്‍ ഇത്തവണ യുവനിരയും പരിചയ സമ്പന്നരായ സീനിയര്‍ താരങ്ങളും ഉള്‍പ്പെടുന്ന കേരള ടീം അവസാന റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന പ്രതീക്ഷയിലാണ്.
ഇരുപതംഗ കേരള ടീമില്‍ പതിനാറ് പേര്‍ 23 വയസ്സില്‍ താഴെ പ്രായമുള്ളവരും 11 പേര്‍ പുതുമുഖങ്ങളുമാണ്. എ ഗ്രൂപ്പില്‍ കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുക കര്‍ണ്ണാടകയാവും. കേരളം അഞ്ച് തവണ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായിട്ടുണ്ട്. എട്ട് തവണ റണ്ണറപ്പും. അവസാനം കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത് 2005 ലാണ്. അന്ന് ഫൈനലില്‍ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. അന്ന് യോഗ്യതറൗണ്ട് നടന്നത് കോഴിക്കോടാണ്. ഇത്തവണയും കോഴിക്കോട് നിന്ന് അവസാന റൗണ്ട് യോഗ്യത നേടി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് കേരളം.
