ചെന്നൈ: സയിദ് മുഷ്‌താഖ് അലി ടി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് തോല്‍വി. അഞ്ചു വിക്കറ്റിന് തമിഴ്‌നാടാണ് കേരളത്തെ തോല്‍പ്പിച്ചത്. കേരളം ഉയര്‍ത്തിയ 129 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റും എട്ടു പന്തും ശേഷിക്കെ തമിഴ്നാട് മറികടക്കുകയായിരുന്നു. പുറത്താകാതെ 51 റണ്‍സെടുത്ത ബാബാ അപരാജിത് ആണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. 39 പന്ത് നേരിട്ട ബാബാ അപരാജിത് രണ്ടു വീതം ബൗണ്ടറികളും സിക്‌സറുകളും അടിച്ചു. മറ്റു ബാറ്റ്‌സ്‌മാന്‍മാര്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും അപരാജിതിന്റെ പോരാട്ടം തമിഴ്‌നാടിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. 

നേരത്തെ ടോസ് നേടി ബാറ്റുചെയ്‌ത കേരളത്തിനുവേണ്ടി സച്ചിന്‍ ബേബി(പുറത്താകാതെ 53) അര്‍ദ്ദസെഞ്ച്വറി നേടി. സഞ്ജു വി സാംസണ്‍ ആറു റണ്‍സെടുത്ത് പുറത്തായി. മൂന്നു വിക്കറ്റെടുത്ത അശ്വിന്‍ ക്രിസ്റ്റും രണ്ടു വിക്കറ്റെടുത്ത ആര്‍ സതീഷും ചേര്‍ന്നാണ് കേരളത്തെ ഒതുക്കിയത്. 

സ്‌കോര്‍: കേരളം- 20 ഓവറില്‍ ആറിന് 128 & തമിഴ്‌നാട് 18.4 ഓവറില്‍ അഞ്ചിന് 129

അഞ്ചു കളികളില്‍ എട്ടു പോയിന്റുള്ള കേരളം ദക്ഷിണമേഖലയില്‍ നാലാം സ്ഥാനത്താണ്. ഈ ജയത്തോടെ അഞ്ചു കളികളില്‍ 16 പോയിന്റുള്ള തമിഴ്‌നാട് രണ്ടാം സ്ഥാനത്താണ്. അഞ്ചു കളികളില്‍ 16 പോയിന്റുള്ള കര്‍ണാടക മികച്ച നെറ്റ് റണ്‍റേറ്റ് നിരക്കില്‍ ഒന്നാമതാണ്.