കൊളംബോ: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് ചരിത്ര നേട്ടം. ടെസ്റ്റില്‍ തുടര്‍ച്ചയായി ഏഴ് ഇന്നിംഗ്സുകളില്‍ അര്‍ധസെഞ്ചുറിയെന്ന അപൂര്‍വ റെക്കോര്‍ഡാണ് രാഹലിന്റെ പേരിലായത്. റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യക്കായി തുടര്‍ച്ചയായ ആറ് ഇന്നിംഗ്സുകളില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുള്ള രാഹുല്‍ ദ്രാവിഡിനെയും രാഹുല്‍ മറികടന്നു.
തുടര്‍ച്ചയായ ഏഴ് ഇന്നിംഗ്സുകളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് താരം എവര്‍ട്ടണ്‍ വീക്ക്സ്, ശിവ്നാരായണ്‍ ചന്ദര്‍പോള്‍, ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര, ഓസ്ട്രേലിയന്‍ താരം ക്രിസ് റോജേഴ്സ്, സിംബാബ്‌വെയുടെ ആന്‍ഡി ഫ്ലവര്‍ എന്നിവരാണ് ലോകറെക്കോര്‍ഡ് നേട്ടത്തില്‍ രാഹുലിനൊപ്പമുള്ളവര്‍.
രാഹുല്‍ ദ്രാവിഡിന് പുറമെ ഗുണ്ടപ്പ വിശ്വനാഥും ഇന്ത്യക്കായി തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികള്‍ നേടിയിയിട്ടുണ്ട്. സുനില്‍ ഗവാസ്കര്‍, ദിലീപ് വെംഗ്സര്‍ക്കര്‍, സഞ്ജയ് മഞ്ജരേക്കര്‍, നവജ്യോത് സിദ്ദു എന്നിവര്‍ ഇന്ത്യക്കായി തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ളവരാണ്. വൈറല്‍ പനിമൂലം ആദ്യ ടെസ്റ്റ് രാഹുലിന് നഷ്ടമായിരുന്നു. ലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഓസ്ട്രേലിയക്കെതിരെ 90, 51, 67, 60, 51 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്കോര്‍.
ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയശേഷം റണ്ണൗട്ടായ രാഹുല്‍ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 85 റണ്‍സടിച്ചാണ് പുറത്തായത്. അര്‍ധസെഞ്ചുറികളെ വലിയ സെഞ്ചുറികളാക്കി മാറ്റാന്‍ രാഹുലിന് കഴിയുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് താരം അര്‍ധസെഞ്ചുറികളില്‍ റെക്കോര്‍ഡിട്ടത്.
