ഈ ഐപിഎൽ സീസണിലേക്ക് കളിക്കാരെ നിലനിര്‍ത്തുന്നതിനുള്ള സമയം അവസാനിച്ചതോടെ ഇന്ത്യൻ നായകൻ വിരാട് കോലി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. 17 കോടി രൂപ ചെലവഴിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്. ഇതോടെ കഴിഞ്ഞ സീസണിൽ റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ് ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്കിനായി ചെലവഴിച്ച 14.5 കോടി എന്ന റെക്കോര്‍ഡാണ് കോലിക്കായി ആര്‍സിബി മറികടന്നത്. ഇതുകൂടാതെ രോഹിത് ശര്‍മ്മയ്‌ക്കായി മുംബൈ ഇന്ത്യൻസും, ധോണിക്കായി ചെന്നൈ സൂപ്പര്‍കിങ്സും 15 കോടി വീതമാണ് ഇത്തവണ മുടക്കിയിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത് എന്നിവര്‍ക്ക് 12 കോടി വീതവും, ഹര്‍ദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്ന, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്ക് 11 കോടി വീതവും ഇത്തവണ പ്രതിഫലം ലഭിക്കും. കോലി, ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാൻ എന്നിവരെ നിലനിര്‍ത്താൻ ആര്‍സിബിക്ക് ചെലവായത് 31 കോടി രൂപയാണ്. ജനുവരി 27, 28 തീയതികളിൽ നടക്കുന്ന താരലേലത്തിൽ ഇനി ആര്‍സിബിക്ക് 49 കോടി രൂപ ചെലവഴിക്കാം. ഇതിലൂടെ ഗെയ്ൽ ഉള്‍പ്പടെയുള്ളവരെ ടീമിൽ നിലനിര്‍ത്താമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Add Asianetnews as a Preferred SourcegooglePreferred