ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. തുടര്‍ച്ചയായി നാലു പരമ്പരകളില്‍ ഇരട്ടസെഞ്ച്വറിയെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. ഇക്കാര്യത്തില്‍ ഡോണ്‍ ബ്രാഡ്‌മാനെയും രാഹുല്‍ ദ്രാവിഡിനെയുമാണ് കൊഹ്‌ലി മറികടന്നത്. ഇതുകൂടാതെ ഏറെക്കാലം വീരേന്ദര്‍ സെവാഗ് സ്വന്തം പേരില്‍ കാത്തുസൂക്ഷിച്ച റെക്കോര്‍ഡും കൊഹ്‌ലി മറികടന്നു. ഒരു സീസണില്‍ സ്വന്തം നാട്ടില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന സെവാഗിന്റെ നേട്ടമാണ് കൊഹ്‌ലി പഴങ്കഥയാക്കിയത്. 2004-05 സീസണില്‍ ഒമ്പത് കളികളില്‍നിന്ന് 1105 റണ്‍സെടുത്ത സെവാഗിനെയാണ് കൊഹ്‌ലി പിന്നിലാക്കിയത്. ഈ സീസണില്‍ ഒമ്പത് കളികളില്‍നിന്ന് 1116 റണ്‍സാണ് കൊഹ്‌ലി നേടിയത്. 93 ആണ് കൊഹ്‌ലിയുടെ ശരാശരി. റെക്കോര്‍ഡ് നേടിയ കാലത്ത് 69.06 ആയിരുന്നു സെവാഗിന്റെ ശരാശരി. ഗ്രാഹാം ഗൂച്ച്, സുനില്‍ ഗാവസ്‌ക്കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, റിക്കി പോണ്ടിംഗ് എന്നിവരാണ് കൊഹ്‌ലിക്കും സെവാഗിനും പിന്നിലുള്ളത്.
ഇതുകൂടാതെ ക്യാപ്റ്റനെന്ന നിലയിലും സ്വന്തം നാട്ടില്‍ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന താരമായി കൊഹ്‌ലി മാറി. ഒമ്പത് കളികളില്‍ 1116 റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ കൊഹ്‌ലി നേടിയത്. ഗ്രഹാം ഗൂച്ചിന്റെ റെക്കോര്‍ഡാണ് കൊഹ്‌ലി മറികടന്നത്. 1990 സീസണില്‍ ഇംഗ്ലീഷ് ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തം നാട്ടില്‍ ആറു കളികളില്‍നിന്ന് 1058 റണ്‍സാണ് അടിച്ചുകൂട്ടിയത്.
