ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ അത്യപൂര്‍വ്വ റെക്കോര്‍ഡും സ്വന്തമാക്കി. തുടര്‍ച്ചയായി നാലു ടെസ്റ്റ് പരമ്പരകളിലും സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന നേട്ടമാണ് കൊഹ്‌ലി കൈവരിച്ചത്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ റെക്കോര്‍ഡുകളാണ് കൊഹ്‌ലി മറികടന്നത്. തുടര്‍ച്ചയായി മൂന്നു ടെസ്റ്റ് പരമ്പരകളില്‍ ബ്രാഡ്‌മാനും ദ്രാവിഡും ഇരട്ടസെഞ്ച്വറി നേടിയിട്ടുണ്ട്.
239 പന്തില്‍ 24 ബൗണ്ടറി ഉള്‍പ്പടെയാണ് കൊഹ്‌ലി ഇരട്ടസെഞ്ച്വറിയിലെത്തിയത്. തൈജുല്‍ ഇസ്ലാമിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് കൊഹ്‌ലി കരിയറിലെ നാലാമത്തെ ഇരട്ടസെഞ്ച്വറി സ്വന്തമാക്കുന്നത്. അജിന്‍ക്യ രഹാനെയോടൊപ്പം ചേര്‍ന്ന് നാലാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കൊഹ്‌ലി-രഹാനെ സഖ്യം പിരിഞ്ഞത്. 82 റണ്‍സെടുത്ത രഹാനെയാണ് ആദ്യം പുറത്തായത്. 204 റണ്‍സെടുത്ത കൊഹ്‌ലി തൈജുല്‍ ഇസ്ലാമിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂ ആയാണ് പുറത്തായത്. അപ്പോള്‍ ഇന്ത്യ അഞ്ചിന് 495 എന്ന ശക്തമായ നിലയില്‍ എത്തിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ചിന് 503 റണ്‍സെന്ന നിലയിലാണ്.
