ലാഹോര്‍: അതിവേഗ സെഞ്ചുറികളുമായി ഏകദിന റെക്കോര്‍ഡുകള്‍ ഭേദിച്ച് വിജയഭേരി നടത്തുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടിയതോടെ ഐസിസിയുടെ 10 സ്ഥിരംഗ രാഷ്ട്രങ്ങളില്‍ ഒമ്പതിലും സെഞ്ചുറി നേടാന്‍ കോലിക്കായി. ഇതോടെ സച്ചിന്‍റെയും ജയസൂര്യയുടെയും റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു കോലി‍‍. 33 ശതകങ്ങളുമായി കോലിയാണ് ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം.

എന്നാല്‍ വിരാട് കോലിയെ പാക്കിസ്ഥാനില്‍ സെഞ്ചറി നേടായന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകന്‍ മിക്കി ആര്‍തര്‍. കോലി മികച്ച താരമാണെങ്കിലും തങ്ങളുടെ ബൗളര്‍മാരുടെ കടുത്ത പരീക്ഷകള്‍ പാക്കിസ്ഥാനില്‍ നേരിടേണ്ടിവരും. കോലി എല്ലാ ടീമുകള്‍ക്കെതിരെയും സെഞ്ചുറി അടിച്ചുകൂട്ടുന്നത് രസകരമായ കാഴ്ച്ചയാണ്. എന്നാല്‍ പാക്കിസ്ഥാനെതിരെ കോലിക്ക് സെഞ്ചുറി നേടുക എളുപ്പമാകില്ലെന്ന് ആര്‍തര്‍ പറഞ്ഞു. 

ഇന്ത്യയുമായി ഉടന്‍ ക്രിക്കറ്റ് മത്സരം കളിക്കാനാകുമെന്ന പ്രതീക്ഷിക്കുന്നതായും പാക്കിസ്ഥാന്‍ പരിശീലകന്‍ പറഞ്ഞു. 2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര മത്സരം നടന്നിട്ടില്ല. അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ വഷളായത് ഇരു രാജ്യങ്ങള്‍ക്കിടയിലെ ക്രിക്കറ്റിനെ ബാധിക്കുകയും ചെയ്തിരുന്നു.