ഹൈദരാബാദ്: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കൊഹ്‌ലിക്ക് വീണ്ടും റെക്കോര്‍ഡ്.തുടര്‍ച്ചയായി എട്ടു ടെസ്റ്റ് പരമ്പരകളില്‍ വിജയം നേടിയ ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ജയത്തോടെ കൊഹ‌്‌ലി ഇന്ന് സ്വന്തമാക്കിയത്. 2013ല്‍ തുടര്‍ച്ചയായി ഏഴ് പരമ്പരകളില്‍ ജയം നേടിയ മുന്‍ നായകന്‍ എം എസ് ധോണിയുടെ റെക്കോര്‍ഡാണ് ബംഗ്ലാദേശിനെതിരായ പരമ്പര ജയത്തോടെ കൊഹ്‌ലി ഇന്ന് മറികടന്നത്.

ടെസ്റ്റില്‍ കൊഹ്‌ലിക്ക് കീഴില്‍ പരാജയമറിയാതെ 19-ാം മത്സരമാണ് ഇന്ത്യ ഇന്ന് പൂര്‍ത്തിയാക്കിയത്. 2015ല്‍ ഗാലെയില്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു ടെസ്റ്റില്‍ ഇന്ത്യ അവസാനം തോറ്റത്. ആദ്യ 23 ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന രണ്ടാമത്തെ നായകനെന്ന റെക്കോര്‍ഡും കൊഹ്‌ലി ഇന്നത്തെ ജയത്തോടെ സ്വന്തമാക്കി. 23 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച കൊഹ്‌ലി 15 എണ്ണത്തില്‍ വിജയം നേടി. 23 ടെസ്റ്റില്‍ 17 എണ്ണം ജയിച്ച മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ ആണ് ഒന്നാമത്.

23 ടെസ്റ്റില്‍ 15 ജയം നേടിയതോടെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ വിന്‍ഡീസ് മുന്‍ നായകന്‍ ക്ലൈവ് ലോയ്‌ഡ്, ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് എന്നിവരെയാണ് കൊഹ്‌ലി മറികടന്നത്.