മുംബൈ: അജിങ്ക്യ രഹാനയെ ഏത് നമ്പറില്‍ കളിപ്പിക്കുമെന്ന ചര്‍ച്ചയ്ക്ക് വിരാമമിട്ട് നായകന്‍ വിരാട് കോലി. അജിങ്ക്യ രഹാന ടീമിലെ മൂന്നാം ഓപ്പണറെന്ന് വിരാട് കോലി വ്യക്തമാക്കി. ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തിയതിനാല്‍ രഹാന ഞാറാഴ്ച്ചയാരംഭിക്കുന്ന ആദ്യ ഏകദിനത്തില്‍ കളിക്കില്ലെന്നുറപ്പായി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാര്‍. ഓസീസിനെതിരായ ഏകദിന പരമ്പയില്‍ നാല് അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു രഹാന.

ഓസീസിനെതിരെ കളിക്കാതിരുന്ന ശിഖര്‍ ധവാന്‍ തിരിച്ചെത്തിയതാണ് രഹാനയ്ക്ക് തിരിച്ചടിയായത്. കെ.എല്‍ രാഹുലും ഓപ്പണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്നും കോലി വ്യക്തമാക്കി. ഓപ്പണര്‍ സ്ഥാനത്തേക്ക് നാല് പേര്‍ മത്സരിക്കുമ്പോള്‍ രണ്ട് പേര്‍ക്ക് പുറത്തിരിക്കേണ്ടി വരും. എന്നാല്‍ ഓപ്പണറായി തിളങ്ങിയിട്ടുള്ള താരത്തെ മുന്‍നിരയില്‍ നിന്ന് മാറ്റി മധ്യനിരയില്‍ കളിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കോലി പറഞ്ഞു.