കോല്‍ക്കത്ത: മഴ നന്നായി കളിച്ച മത്സരത്തില്‍ പൂനയ്ക്കെതിരെ കോല്‍ക്കത്തയ്ക്ക് ജയം. ഡക്കവര്‍ത്ത് ലൂയിസ് നിയമ പ്രകാരം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ പൂനെ 17.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തു നില്‍ക്കെ മഴ തിമിര്‍ത്തു പെയ്തു. ഇതിനെത്തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

പിന്നീട് കോല്‍ക്കത്ത ബാറ്റിംഗ് തുടങ്ങി, തന്റെ ആദ്യ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത് ആര്‍.അശ്വിന്‍ ധോണിപ്പടക്ക് പ്രതീക്ഷകള്‍ നല്‍കി. പക്ഷേ, ആ പ്രതീക്ഷകള്‍ അധിക നേരം നീണ്ടു നിന്നില്ല. 18 പന്തില്‍ 37 റണ്‍സുമായി യൂസഫ് പത്താന്‍ കളംവാണു. 

ഒന്‍പതോവറില്‍ കോല്‍ക്കത്ത 66 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ വീണ്ടും മഴയെത്തി. പിന്നീട് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം കോല്‍ക്കത്തയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റു ചെയ്ത പൂനെയെ കോല്‍ക്കത്തയുടെ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. 

പിച്ചില്‍ നിന്നു കിട്ടിയ ടേണും ബൗണ്‍സും അവരുടെ സ്പിന്‍-ഫാസ്റ്റ് ബൗളര്‍മാര്‍ ഒരു പോലെ മുതലാക്കിയപ്പോള്‍ പൂനെ ഇന്നിംഗിസിന്റെ വേഗത ഒച്ചിഴയുന്നതിനു തുല്യമായി. ഈ മത്സരത്തിലെ പരാജയം പൂനെക്ക് പുറത്തേക്കുള്ള വഴിയാണു തുറന്നതെങ്കില്‍ കോല്‍ക്കത്ത പോയിന്‍റു പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.