ബാഴ്‌സലോണ: മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി ഫുട്ബോളിന്‍റെ മിശിഹ ലിയോണല്‍ മെസി. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ ഒരു ക്ലബിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി കൈപ്പിടിയിലൊതുക്കി. റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ 85-ാം മിനുറ്റില്‍ ഗോള്‍ കണ്ടെത്തിയതോടെയാണ് മെസിയെ തേടി അപൂര്‍വ്വ നേട്ടമെത്തിയത്. 

ഇതോടെ ഒരു ക്ലബിന് ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം(366) മെസ്സിയുടെ പേരിലായി. ബൂണ്ടസ് ലീഗയില്‍ 365 ഗോളുകള്‍ നേടിയ ബയേണ്‍ മ്യൂണിച്ച് ഇതിഹാസം ജെര്‍ഡ് മുള്ളറുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. മത്സരത്തില്‍ ലൂയിസ് സുവാരസിന്‍റെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്‌‌സലോണ 4-2ന് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചു. പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചെത്തിയാണ് ബാഴ്സ വിജയിച്ചത്.