ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ വമ്പന്‍ തിരിച്ച് വരവ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെയാണ് ചാംപ്യന്മാര്‍ അട്ടിമറിച്ചത്. ഫോം വീണ്ടെടുത്ത സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിയുടെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിന് മിന്നും ജയം സമ്മാനിച്ചത്. 28, 60 മിനിറ്റുകളിലായിരുന്നു വാര്‍ഡിയുടെ ഗോളുകള്‍. ഡ്രിങ്ക് വാട്ടറുടെ വകയായിരുന്നു മൂന്നാം ഗോള്‍. അറുപത്തിയെട്ടാം മിനിറ്റില്‍ ലിവര്‍പൂളിനായി കുട്ടീന്യോ ഒരുഗോള്‍ മടക്കി. സീസണില്‍ മോശം പ്രകടനം തുടരുന്ന ലെസ്റ്ററിന് പുതു ജീവനേകുന്നതാണ് ഈ ജയം. മോശം പ്രകടനത്തിന്റെ പേരില്‍ കോച്ച് റാനിയേരിയെ ക്ലബ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. അതേസമയം പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ലിവര്‍പൂള്‍ കളഞ്ഞുകുളിച്ചത്. ചെമ്പടയുടെ കിരീട പ്രതീക്ഷകള്‍ക്കും തിരിച്ചടിയാവുന്നതാണ് ഈ തോല്‍വി. പോയിന്റ് ടേബിളില്‍ ലിവര്‍പൂള്‍ അഞ്ചാം സ്ഥാത്തും ലെസ്റ്റര്‍ പതിനഞ്ചാം സ്ഥാനത്തുമാണ്.