മുംബൈ: ബിസിസിഐക്കെതിരെ കടുത്ത നടപടികളുമായി ലോധ സമിതി. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐയുടെ വിഹിതമായുള്ള പണം നല്‍കരുതെന്ന് ലോധ സമിതി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഒരു തരത്തിലുള്ള ഇടപാടും നടത്താനാകില്ലെന്ന് അറിയിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര ബിസിസിഐക്ക് കത്തയച്ചു. നിയന്ത്രണം ഇന്ത്യ- ന്യുസീലന്‍ഡ് പരമ്പരയെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ലോധ വ്യക്തമാക്കി.

കഴിഞ്ഞ മാസം 30 ന് ചേര്‍ന്ന ബിസിസിഐ പോതുയോഗത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ക്ക് വന്‍ തുക വിഹിതമായി നല്‍കാനുള്ള തീരുമാനമാണ് ലോധ സമിതിയെ ചൊടിപ്പിച്ചത്. ഇതിന് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ലോധ സമിതി സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ഇന്ത്യ-ന്യുസീലന്‍ഡ് പരമ്പരെയക്കുറിച്ചും അനിശ്ചിതത്വം ഉടലെടുത്തു. എന്നാല്‍ വൈകാതെ വിശദീകരണവുമായി ജസ്റ്റിസ് ലോധ രംഗത്തെത്തി. ഇപ്പോഴത്തെ നിയന്ത്രണം പരമ്പരയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

ദൈനംദിന ആവശ്യങ്ങള്‍ക്കും പണം ചെലവഴിക്കാം. സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നതില്‍ മാത്രമാണ് നിയന്ത്രണമെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി. എന്നാല്‍ ബാങ്കുകള്‍ പണം നല്‍കുന്നതില്‍ വിമുഖത കാട്ടുന്നുവെന്നാണ് ബിസിസിഐയുടെ ആരോപണം. മൂന്നാം ടെസ്റ്റ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ബോര്‍ഡിനോട് അടുത്ത വ‍ൃത്തങ്ങള്‍ പറഞ്ഞു.

ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഇതിന് ശേഷമേ മൂന്നാം ടെസ്റ്റിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന. പരമ്പര നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ന്യുസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചു.