ധര്‍മശാല: സുപ്രീംകോടതി തീരുമാനം വരാനിരിക്കെ നിലപാട് മയപ്പെടുത്തുമെന്ന സൂചന നല്‍കി ബിസിസിഐ. മതിയായ സമയം തന്നാല്‍ ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കാമെന്ന് പ്രസി‍ഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞു.സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഭരണഘടന ഭേദഗതി ചെയ്യാന്‍ അഞ്ചോ ആറോ മാസം വേണ്ടിവരുമെന്നും താക്കൂര്‍ പറഞ്ഞു.

ധര്‍മ്മശാലയിൽ ഇന്ത്യ ന്യുസീലന്‍ഡ് ഏകദിനത്തിനിടെയാണ് പ്രതികരണം. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുമെന്നോ കോടതിയിലും ഈ നിലപാട് സ്വീകരിക്കുമോ എന്നും വ്യക്തമാക്കാന്‍ താക്കൂര്‍ തയ്യാറായില്ല. ലോധ നിർദ്ദേശങ്ങൾ നടപ്പിലാക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ ശനിയാഴ്ച ദില്ലിയിൽ ചേര്‍ന്ന ബി.സി.സി.ഐയെ യോഗം തീരുമാനിച്ചിരുന്നു.

എഴുപത്‌ വയസിന്‌ മുകളിലുള്ളവരെ ബിസിസിഐ ഭാരവാഹിയാക്കരുത്‌, മൂന്നുവർഷത്തിൽ കൂടുതൽ തുടർച്ചയായി ബിസിസിഐ ഭാരവാഹിത്വം വഹിക്കരുത്‌ തുടങ്ങി ലോധ കമ്മിറ്റിയുടെ സുപ്രധാന നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നാണ്‌ സംസ്ഥാന അസോസിയേഷനുകൾ വ്യക്തമാക്കിയിട്ടുള്ളത്‌. എന്നാൽ ത്രിപുര, വിധർഭ, രാജസ്ഥാൻ അസോസിയേഷനുകൾ ലോധ സമിതിയുടെ നിർദേശങ്ങൾ അംഗീകരിക്കാം എന്ന നിലപാടിലാണ്‌. ശുപാർശകൾ അംഗീകരിക്കുന്നത്‌ വരെ സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷനുകൾക്ക്‌ ബിസിസിഐ ഫണ്ട്‌ നൽകരുതെന്നാണ്‌ കോടതി ഉത്തരവ്‌.