
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡം മെഡല്‍ സാധ്യത ആണെങ്കില്‍ പി.യു.ചിത്ര തീര്‍ച്ചയായും ലണ്ടനിലേക്ക് പോകാന്‍ അര്‍ഹയല്ല. എന്നാല്‍ ചിത്ര മാത്രമല്ല അങ്ങനെ അര്‍ഹതയില്ലാത്തവളായി ആ സംഘത്തിലുണ്ടാകുക. മെഡലാണ് ലക്ഷ്യമെങ്കില്‍ 24 അംഗ ഇന്ത്യന്‍ സംഘത്തിലെ ഭൂരിഭാഗം പേരും ലണ്ടനിലേക്ക് പോകേണ്ടതില്ല.
ലോക അത്‌ലറ്റിക് മീറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരിക്കല്‍പ്പോലും മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ പോയിട്ടില്ല. അഞ്ജു ബോബി ജോര്‍ജ് നേടിയ മെഡലിന്റെ മാത്രം പാരമ്പര്യം മാത്രമാണ് ഇതുവരെ നമുക്ക് അവകാശപ്പെടാനായിട്ടുള്ളത്. അപ്പോള്‍ മെഡല്‍ സാധ്യതയായിരുന്നു ചിത്രയെ തഴയാനുള്ള കാരണമെന്ന അത്ലറ്റിക് ഫെഡറേഷന്റെയും സെലക്ഷന്‍ കമ്മിറ്റിയുടെയുടെ വാദത്തെ ചിലരുടെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള വിചിത്ര വാദമെന്നല്ലാതെ മറ്റെന്താണ് പറയാനാകുക.
ചിലരുടെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള വിചിത്ര വാദമെന്നല്ലാതെ മറ്റെന്താണ് പറയാനാകുക.
രാജ്യത്തിന്റെ കായികരംഗം നിയന്ത്രിക്കുന്ന ബഹുമാനപ്പെട്ട തലതൊട്ടപ്പന്മാരേ നിങ്ങള്‍ തെരഞ്ഞെടുത്ത 24 പേരില്‍ എത്ര പേര്‍ക്കു മെഡല്‍ സാധ്യതയുണ്ട് എന്നു ചോദിച്ചു മറ്റുള്ള താരങ്ങളെ കുറച്ചു കാണുന്നില്ല. എന്നാല്‍ നിങ്ങള്‍ മറന്നുപോയ ഒരു കാര്യം നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.
ഓരോ കായിക താരത്തിന്റേയും മുന്നോട്ടുള്ള കുതിപ്പിന് ഈര്‍ജ്ജം പകരുക എന്നതുകൂടി നിങ്ങളുടെ ചുമതലയാണ്. ട്രാക്കിലൂടെ മുന്നോട്ടു കുതിക്കുന്ന അത്‌ലറ്റിനെ ഇടങ്കാല്‍വച്ചു വീഴ്ത്തുകയാണ്, പി.യു.ചിത്ര എന്ന വളര്‍ന്നുവരുന്ന താരത്തിന് ലോക നിലവാരത്തിലുള്ള അവസരം നിഷേധിക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത്.
മുന്നോട്ടു കുതിക്കുന്ന അത്‌ലറ്റിനെ ഇടങ്കാല്‍വച്ചു വീഴ്ത്തുകയാണ്
ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചു ചിലര്‍ക്കു ലണ്ടനിലേക്കു വിനോദയാത്ര സംഘടിപ്പിക്കുക എന്നത് അത്‌ലറ്റിക് അസോസിയേഷന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണോ. 24 അത്‌ലറ്റുകള്‍ക്ക് 13 ഒഫീഷ്യലുകള്‍, ആവശ്യത്തിന് ഒഫീഷ്യലുകളുണ്ടായിട്ടും ഒരിറ്റുവെള്ളം കിട്ടാതെ കായിക താരം ട്രാക്കില്‍ തളര്‍ന്നു വീണ പാരമ്പര്യമാണ് നമുക്കുള്ളത് എന്നോര്‍ക്കണം.
