വെള്ളിത്തിരയില്‍ വീണ്ടും ബാറ്റേന്താന്‍ മഹി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. സുശാന്ത് സിംഗ് രജ്പുത് തന്നെ അടുത്ത ഭാഗത്തിലും നായകനാകുമെന്നാണ് റിപ്പോർട്ടുകൾ. 2016ൽ ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം നടത്തിയ ചിത്രമായിരുന്നു MS DHONI: THE UNTOLD STORY. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം സുശാന്ത് സിംഗ് രജ്പുതിന്റെ കരിയറിലും നിർണായകമായി. ഈ പശ്ചാത്തലത്തിലാണ് സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാനുള്ള അണിയറക്കാരുടെ തീരുമാനം.
രണ്ടാം ഭാഗത്തിനായി നിർമാതാവ് റോണി സ്ക്രുവാലയും സുശാന്തും ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. 2011ലെ ലോകകപ്പ് വിജയം വരെയുള്ള കാലഘട്ടമാണ് വെള്ളിത്തിരയിലെത്തിയത്. അടുത്ത ഘട്ടത്തിൽ ഐപിഎല്ലിലെ നിർണ്ണായക നേട്ടങ്ങളും, ധോണിയുടെ മകൾ സിവയുമൊക്കെ കഥാപാത്രങ്ങളാകുമെന്നാണ് വിവരം. ആദ്യ ഭാഗത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ തന്നെ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സുശാന്തിന് പുറമേ ദിഷ പഠാനി, കിയാര അദ്വാനി തുടങ്ങിയവർ ആദ്യ ഭാഗത്തിൽ മുഖ്യ വേഷത്തിലെത്തിയിരുന്നു.
