മാഞ്ചസ്റ്റര്‍: യൂറോപ്പ ലീഗില്‍ ഫെയനൂര്‍ദിനെ  ഗോളില്‍ മുക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം.

പ്രീമിയര്‍ ലീഗിനു പിന്നാലെ യൂറോപ്പയിലും കിതച്ചു കൊണ്ടിരിക്കുന്ന യുണൈറ്റഡിന് ആശ്വാസം നല്‍കുന്ന ജയം. അതിനുമപ്പുറം ഫോം വീണ്ടെടുക്കാന്‍ പാടുപെട്ടിരുന്ന ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയുടെ തിരിച്ചു വരവ്. ആദ്യ മിനുട്ട് മുതല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ നിറഞ്ഞ കാണികളെ ആവേശത്തിലാക്കി യുണൈറ്റഡ് നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോളെത്തിയത് 35 ആം മിനുട്ടില്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു.

യുണൈറ്റഡിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന ബോബി ചാള്‍ട്ടന്റെ റെക്കോഡിനിനൊപ്പമെത്താനും റൂണിക്കായി.
അറുപത്താട്ടാം മിനുട്ടില്‍ മാറ്റയുടെ ഗോളിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തി. മാറ്റയ്ക്ക് പകരമെത്തിയ റാഷ്‌ഫോര്‍ഡും ഇബ്രാമോവിച്ചും ചേര്‍ന്നുള്ള മുന്നേറ്റം അവസാനിച്ചത് ഫെയനൂര്‍ദ് ഗോളി ജോണ്‍സിന്റെ ഓണ്‍ ഗോളിലാണ്.

പിന്നീട് യുണൈറ്റഡിന്റെ ആക്രമണം കടുത്തു. തുടരെ തുടരെ അവസരങ്ങള്‍. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ജെസ്സെ ലിന്‍ഗാര്‍ഡ് പട്ടിക തികച്ചു. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഫെനല്‍ബാഷെയെക്കാള്‍ ഒരു പോയിന്റ് കുറവുള്ള യുണൈറ്റഡ് രണ്ടാമതായി.