അഫ്ഗാനിസ്ഥാനെ നിസാരന്മാരായി കാണുന്നില്ല
ചെന്നെെ: ഐപിഎല്ലിന് ശേഷമുള്ള വിശ്രമ വേളകള്‍ക്കൊടുവില്‍ ഇന്ത്യയിലെ ക്രിക്കറ്റ് പിച്ചുകള്‍ വീണ്ടും ചൂടുപിടിക്കാന്‍ തുടങ്ങുകയാണ്. ചരിത്രപരമായ ടെസ്റ്റില്‍ ജൂണ്‍ 14ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. എങ്കിലും, ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയാണ് ഇന്ത്യന്‍ ടീമും ആരാധകരുമെല്ലാം ഉറ്റുനോക്കുന്നത്.
ഇംഗ്ലണ്ടില്‍ കാലിടറുന്ന ഇന്ത്യയുടെ മുന്‍ ചരിത്രം തന്നെയാണ് പരമ്പരയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. എന്നാല്‍, ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പര അത്ര എളുപ്പമാവില്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്.
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് മുരളി. വളരെ ശ്രദ്ധയോടെയും ക്ഷമയോടും കളിച്ചാല്‍ മാത്രമെ അവിടുത്തെ സാഹചര്യങ്ങളില്‍ മികച്ച രീതിയില്‍ കളിക്കാനാകുകയുള്ളുവെന്നാണ് മുരളി പറയുന്നത്.
അനുഭവപരിചയം ആവോളമുള്ള താരങ്ങള്‍ക്ക് പോലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. ഇംഗ്ലണ്ട് പിച്ചുകളില്‍ റണ്‍ നേടുകയെന്നത് മാനസികമായുള്ള കളി കൂടെയാണ്, അവിടെ സ്ഥിരത നിലനിര്‍ത്താന്‍ ശ്രമിക്കണം. ആത്മവിശ്വാസത്തോടെ സ്വയം വിശ്വസിച്ച് കളിച്ചാല്‍ റണ്‍സ് നേടാന്‍ സാധിക്കും.
തന്‍റെ കരിയറില്‍ ഉടനീളം അതിനായുള്ള ശ്രമമാണ് നടത്തിയതെന്നും വിജയ് പറഞ്ഞു. വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് പരമ്പര നേടാന്‍ സാധിക്കിലെന്നാണ് വിജയ്‍യുടെ അഭിപ്രായം. വ്യക്തിഗത പ്രകടനങ്ങളെക്കാള്‍ വിജയം നേടുകയെന്നതാണ് പ്രധാനം.
മികച്ച പ്രകടനം ഓരോരുത്തര്‍ക്കും കാഴ്ചവെയ്ക്കാം, പക്ഷേ അവസാനം ടീം വിജയം നേടണമെന്ന് മാത്രം. ഓസ്ട്രേലിയന്‍, ഇംഗ്ലണ്ട് പരമ്പര മുന്നില്‍ ഉള്ളപ്പോള്‍ ലക്ഷ്യങ്ങള്‍ മുന്നില്‍ വെയ്ക്കാതെ കളി ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം വില കുറച്ചു കാണാനില്ല. അഫ്ഗാനിസ്ഥാന്‍ അവരുടെ അരങ്ങേറ്റ ടെസ്റ്റിനായാണ് തയാറെടുക്കുന്നത്. അവര്‍ അതിനെ ഒരിക്കലും നിസാരമായി കാണില്ല. മികച്ച പ്രകടനം നടത്താനുള്ള ശേഷി അവര്‍ക്കുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഒരുക്കങ്ങള്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ തുടങ്ങുമെന്നും വിജയ് വ്യക്തമാക്കി.
