ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ക്രിക്കറ്റിലും 'മീ ടു' ആരോപണം. ന്യൂസിലന്‍ഡ്- ഇന്ത്യ ട്വന്റി20 പരമ്പരയ്ക്കിടെയാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്. ആദ്യ ടി20 നടന്ന വെല്ലിങ്ടണിലെ വെസ്റ്റ്പാക്ക് സ്റ്റേഡിയത്തിന് പിന്നാലെ രണ്ടാം ടി20 നടന്ന ഓക്‌ലന്‍ഡിലെ സ്‌റ്റേഡിയത്തിലും സമാനരീതിയിലുള്ള പോസ്റ്ററുകള്‍ ഉയര്‍ന്നു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമില്‍ അംഗമായ ഓള്‍റൗണ്ടര്‍ സ്‌കോട്ട് കുഗ്ഗെലെയ്‌നെ ഉന്നമിട്ടുള്ളതാണ് ഈ പോസ്റ്ററുകളെന്നാണ് സൂചന. 2015ല്‍ കുഗ്ഗെലെയ്‌നെതിരെ മാനഭംഗക്കേസ് ചുമത്തിയിരുന്നു. എന്നാല്‍, നീണ്ട വിചാരണയ്ക്കുശേഷം ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. എന്തായാലും സംഭവം ന്യൂസിലന്‍ഡ് ക്രിക്കറ്റിന് നാണക്കേടായി. 

ആദ്യ തവണ പോസ്റ്ററുകള്‍ ഉയര്‍ന്നപ്പോള്‍ അധികൃതര്‍ ഇടപ്പെട്ട് നീക്കം ചെയ്യുകയായിരുന്നു. ബാനറുമായെത്തിയ യുവതിയെ സ്റ്റേഡിയത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് രംഗത്തെത്തി. എന്നാല്‍ രണ്ടാം മത്സരത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ്. 

മാനഭംഗക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടശേഷം 2017 മേയ് 14നാണ് കുഗ്ഗെലെയ്ന്‍ ന്യൂസീലന്‍ഡിനായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ന്യൂസീലന്‍ഡിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിന്റെ താരമായ ഇരുപത്തേഴുകാരന്‍ സ്‌കോട്ട് കുഗ്ഗെലെയ്‌നെതിരെ 2015ലാണ് മാനഭംഗ ആരോപണം ഉയര്‍ന്നത്. രണ്ടു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കുശേഷം കുഗ്ഗെലെയ്ന്‍ കുറ്റക്കാരനല്ലെന്ന് ന്യൂസീലന്‍ഡിലെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെന്നാണ് ഇത്തരം പോസ്റ്ററുകള്‍ നല്‍കുന്ന സൂചന.