ദുബായ്: ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയടക്കം എട്ട് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത. 2018 ഡിസംബര്‍ 31നുള്ള റാങ്കിംഗ് കണക്കാക്കിയാണ് ഐസിസി പട്ടിക പുറത്തുവിട്ടത്. പാക്കിസ്ഥാന്‍, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് സൂപ്പര്‍ 12 സ്റ്റേജിലേക്ക് നേരിട്ട് യോഗ്യത നേടിയത്. 

ശ്രീലങ്കയും ബംഗ്ലാദേശും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ആറ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ്ഘട്ടത്തില്‍ മാറ്റുരയ്ക്കും. 2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ഈ മത്സരങ്ങള്‍ നടക്കുക. 

2014 ലോകകപ്പ് ചാമ്പ്യന്‍മാരായ ലങ്കയ്ക്ക് നേരിട്ട് സൂപ്പര്‍ 12ല്‍ സ്ഥാനം പിടിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്ന് നായകന്‍ ലസിത് മലിംഗ പറഞ്ഞു. എന്നാല്‍ ഗ്രൂപ്പ്ഘട്ടത്തില്‍ മികവ് കാട്ടി ലങ്ക ഇടംപിടിക്കമെന്നും മലിംഗ പറഞ്ഞു. സമീപകാലത്തെ പ്രകടനം ആത്മവിശ്വാസം തരുന്നതായും ലോകകപ്പിനായി മികച്ച തയ്യാറെടുപ്പുകള്‍ നടത്തുമെന്നും ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.