ലണ്ടന്‍: കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറെ കണ്ടെത്താന്‍ ഗോള്‍ ഡോട് കോം നടത്തിയ വോട്ടെടുപ്പില്‍ ലിയോണല്‍ മെസ്സിക്ക് ഒന്നാം സ്ഥാനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് മെസ്സി ഒന്നാം സ്ഥാനത്ത് എത്തിയത്. റൊണാള്‍ഡോയോ മെസ്സിയോ മികച്ച താരം. ആധുനിക ഫുട്‌ബോളില്‍ അവസാനിക്കാത്ത ചോദ്യം. ഇതിനുത്തരം തേടി ഗോള്‍ ഡോട് കോം നടത്തിയ വോട്ടെടുപ്പിലാണ് മെസ്സി ഒന്നാമതെത്തിയത്.
താരങ്ങള്‍ നേടിയ മികച്ച ഗോളുകളുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത് 27000 പേര്‍. 49 ശതമാനം വോട്ടാണ് മെസ്സിക്ക് കിട്ടിയത്. റൊണാള്‍ഡോയ്ക്ക് 39 ശതമാനം വോട്ടുകളും. മൂന്നാമതെത്തിയ ആന്ദ്രേസ് ഇനിയസ്റ്റയ്ക്കും സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിനും നേടാനായത് മൂന്നു ശതമാനം വോട്ട് മാത്രം. സെര്‍ജിയോ റാമോസ്, സാവി, നെയ്മര്‍, ആര്യന്‍ റോബന്‍, തോമസ് മുള്ളര്‍, ലൂയിസ് സുവാരസ് എന്നിവര്‍ ഓരോ ശതമാനം വോട്ടോടെ ആദ്യ പത്തിലെത്തി.
