കുറ്റസമ്മതം നടത്തിയുള്ള സ്മിത്തിന്‍റെ വാര്‍ത്താസമ്മേളനം അസത്യങ്ങള്‍ നിറഞ്ഞതാണെന്ന് സ്റ്റാര്‍ക്ക്

മെല്‍ബണ്‍: ലോകക്രിക്കറ്റിനെ ഞെട്ടിച്ച സംഭവമായിരുന്നു ഓസ്ട്രേലിയന്‍ നായകനായിരുന്ന സ്റ്റീവ് സ്മിത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പന്തില്‍ കൃത്രിമം കാട്ടല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ജയിക്കാനായി പന്തില്‍ കൃത്രിമം കാട്ടിയ ഓസിസ് താരങ്ങളുടെ നടപടി ക്രിക്കറ്റിന് ആകെ നാണക്കേടായിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് സ്മിത്തിനും ഉപ നായകനായിരുന്ന വാര്‍ണര്‍ക്കും ബാന്‍ക്രാഫ്റ്റിനും വിലക്ക് നേരിടുകയാണ്.

കുറ്റം ഏറ്റുപറഞ്ഞ് രംഗത്തെത്തിയതാണ് സ്മിത്തിന്‍റെ വിലക്ക് ഒരു വര്‍ഷമാക്കി കുറയ്ക്കാന്‍ കാരണം. ഓസ്ട്രേലിയന്‍ ടീമിന്‍റെ തന്ത്രങ്ങളുടെ ഭാഗമായാണ് താനും ടീം അംഗങ്ങളും പന്തില്‍ കൃത്രിമം കാട്ടിയതെന്നാണ് സ്മിത്ത് അന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ സ്മിത്തിനെ തള്ളി സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രംഗത്തെത്തിയിരിക്കുകയാണ്.

സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സ്റ്റാര്‍ക്ക് അഴിച്ചുവിട്ടിരിക്കുന്നത്. കുറ്റസമ്മതം നടത്തിയുള്ള സ്മിത്തിന്‍റെ വാര്‍ത്താസമ്മേളനം അസത്യങ്ങള്‍ നിറഞ്ഞതാണെന്നാണ് പേസ് ബൗളര്‍ പറയുന്നത്. ഓസ്ട്രേലിയന്‍ ടീമിനെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കിയുള്ള സ്മിത്തിന്‍റെ വാക്കുകള്‍ ശരിയായില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പന്തില്‍ കൃത്രിമം കാട്ടുന്നത് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് സ്മിത്ത് പറഞ്ഞത് നീതിയുക്തമല്ലെന്ന് സ്റ്റാര്‍ക്ക് ചൂണ്ടികാട്ടി. താനടക്കമുള്ളവര്‍ക്ക് ഇത്തരം തന്ത്രങ്ങളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണക്കേടിന്‍റെ പടുകുഴിയില്‍ വീഴ്ത്തിയത് സ്മിത്തടക്കമുള്ളവരുടെ തെറ്റായ തീരുമാനങ്ങളാണെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.