ലോര്‍ഡ്സ്: വലിയ മത്സരത്തിന്റെ സമ്മര്‍ദ്ദം ഇന്ത്യയെ കളിയില്‍ തോല്‍പ്പിച്ചതെന്ന് ക്യാപ്റ്റന്‍ മിതാലിരാജ്. മത്സര ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായിക. വലിയ മത്സരത്തില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദമാണ് വിജയിക്കാവുന്ന ഘട്ടത്തില്‍ നിന്നും ടീമിനെ പിന്നിലേക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നു.
അവസാന ഓവർവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യൻ പെൺകുട്ടികൾ സമ്മർദം അതിജീവിക്കാനാകാതെ വിജയം വലിച്ചെറിയുകയായിരുന്നു. ഓപ്പണർ പൂനം റൗത്ത് (86), അനാവിശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായ ഹർമൻപ്രീത് കൗർ (51), വേദ കൃഷ്ണ മൂർത്തി (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യൻ തോൽവിയിൽ നിർണായകമായത്.
ജയത്തിലേക്ക് അനായാസം മുന്നേറുകയായിരുന്ന ഇന്ത്യക്ക് ആദ്യ പ്രഹരം കൗറിന്റെ പുറത്താകലോടെയായിരുന്നു. അർധ സെഞ്ചുറി നേടിയതിന്റെ ആവേശത്തിൽ ഉയർത്തിയടിച്ച കൗർ ബൗണ്ടറിയിൽ ബോമൗണ്ട് പിടിച്ചാണ് പുറത്തായത്. തുടക്കത്തിലെ രണ്ടുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ പൂനം റൗത്തും കൗറും ചേർന്ന് മത്സരത്തിലേക്ക് തിരികെ എത്തിച്ചതായിരുന്നു. കൗർ പുറത്താകുമ്പോഴും ഇന്ത്യൻ ക്യാമ്പിൽ ജയപ്രതീക്ഷ നിലനിന്നിരുന്നു.
എന്നാൽ 42.5 ഓവറിൽ ഷ്രുബ്സലെയുടെ പന്തിൽ റൗത്ത് വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി. പിന്നാലെയെത്തിയ സുഷമ വർമയും വന്നതുപോലെ മടങ്ങി. ഇതോടെ സമ്മർദത്തിലായ വേദ അനാവശ്യ ഷോട്ടിന് മുതിർന്ന് പടിക്കൽ കലമുടച്ചു. പിന്നീട് എല്ലാം വളരെവേഗമായിരുന്നു. ദീപ്തി ശർമ (14), ജൂലിയൻ ഗോസ്വാമി (0), ശിഖാ പാണ്ഡെ (4), രാജേശ്വരി ഗെയ്ക്ക്വാദ് (0) ഒന്നുപൊരുതാൻപോലും മെനക്കെടാതെ എല്ലാവരും ബാറ്റുവച്ചു കീഴടങ്ങി.
