കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ മുഹമ്മദ് അമീറിന്റെ വേഗത്തിനും സ്വിംഗിനും മുന്നില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തലകുനിച്ചിരിക്കാം.എങ്കിലും മുഹമ്മദ് അമീര്‍ പറയുന്നു, ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യയുടെ വിരാട് കോലിയാണെന്ന്. പാക് ആരാധകരുമായി ട്വിറ്ററില്‍ നടത്തിയ സംവാദത്തിനിടെയാണ് കോലിയെ മികച്ച ബാറ്റ്സ്മാനായി അമീര്‍ തെരഞ്ഞെടുത്തത്.
ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യാംസണെയും മറികടന്നാണ് അമീര്‍ കോലിയെ തെരഞ്ഞെടുത്തത്. എല്ലാവരും മികച്ചവരാണെന്നും എങ്കിലും വ്യക്തിപരമായി പറയുകയാണെങ്കില്‍ കോലിയാണ് മികച്ച ബാറ്റ്സ്മാനെന്നും അരാധകന്റെ ചോദ്യത്തിന് മറുപടിയായി അമീര്‍ വ്യക്തമാക്കി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോലിയെ വീഴ്‌ത്തിയതാണോ ആദ്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ സച്ചിന്റെ വിക്കറ്റ് വീഴ്‌ത്തിയതാണോ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നതെന്ന ചോദ്യത്തിന് രണ്ടും ഒരുപോലെ പ്രിയപ്പെട്ടതാണെന്നായിരുന്നു അമീറിന്റെ മറുപടി.
