കൊളംബോ: ക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷറെന്ന സ്ഥാനം തനിക്ക് നഷ്ടമായിട്ടില്ലെന്ന് ശ്രീലങ്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തെളിയിച്ച എംഎസ് ധോണിക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി. മൂന്നാം ഏകദിനത്തിലും പുറത്താവാതെ നിന്നതോടെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നോട്ടൗട്ട് എന്ന ലോക റെക്കോര്‍‍ഡിനൊപ്പം ധോണിയെത്തി. കരിയറില്‍ 72 തവണയാണ് ധോണി പുറത്താവാതെ നിന്നത്.

ഷോണ്‍ പൊള്ളോക്കും ചാമിന്ദ വാസുമാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ഇപ്പോള്‍ ധോണിക്കൊപ്പമുള്ളത്. അധികം വൈകാതെ ആ റെക്കോര്‍ഡ് ധോണിക്ക് ഒറ്റയ്ക്ക് സ്വന്തമാവും. ഇതിനുപുറമെ കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയിട്ടുള്ള ബാറ്റ്സ്മാന്‍മാരില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ശരാശരി 100 തിയക്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്ര നേട്ടവും ധോണി സ്വന്തം പേരിലെഴുതി. വിജയകരമായ റണ്‍ചേസില്‍ 101.84 ആണ് ധോണിയുടെ ശരാശരി.

ഇന്നലെ ശ്രീലങ്കയ്ക്കെതിരെ 68 റണ്‍സടിച്ച് പുറത്താകാതെ നിന്ന ധോണി 9,434 റണ്‍സുമായി ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സ്വന്തമാക്കി. അസ്ഹറുദ്ദീനെയാണ് ധോണി റണ്‍നേട്ടത്തില്‍ മറികടന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ മാത്രമാണ് ഏകദിന റണ്‍വേട്ടയില്‍ ഇനി ധോണിക്ക് മുന്നിലുള്ളത്.