ദില്ലി: വെറുമൊരു നായകന്‍ മാത്രമായിരുന്നില്ല മഹേന്ദ്ര സിങ് ധോണി തനിക്കെന്ന് വിരാട് കൊഹ്‌ലി. ടീമില്‍ നിന്ന് പലതവണ പുറത്താക്കപ്പെടുമെന്ന ഘട്ടത്തില്‍ തന്നെ നിലനിര്‍ത്തിയ രക്ഷകനാണ് ധോണിയെന്നും കൊഹ്‌ലി പറഞ്ഞു. കരിയറിന്റെ ആരംഭഘട്ടത്തില്‍ എന്നെ ശരിയായി വഴിക്ക് നയിച്ചതും അവസരങ്ങള്‍ തന്നതും ധോണിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പകരക്കാരനാവുക എന്നത് വലിയ വെല്ലുവിളിയാണെന്നും ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കൊഹ്‌ലി വ്യക്തമാക്കി.

മഹേന്ദ്ര സിങ് ധോണിയേക്കുറിച്ച് ഓർക്കുമ്പോൾതന്നെ മനസിലേക്ക് ആദ്യം വരുന്ന വാക്ക് ‘ക്യാപ്റ്റൻ’ എന്നതാണ്. മറ്റൊരു തരത്തിലും ധോണിയെ ഓർമിക്കാൻ നമുക്കാകില്ല. എക്കാലവും എന്റെ ക്യാപ്റ്റൻ ധോണി തന്നെയായിരിക്കും - കൊഹ്‍ലി പറഞ്ഞു.

2008ൽ ശ്രീലങ്കയ്ക്കെതി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ നാള്‍ മുതൽ ധോണിക്ക് കീഴിലാണ് കൊഹ്‍ലി കളിച്ചത്. ഒരു ക്രിക്കറ്ററെന്ന നിലയിൽ വളരുന്നതിന് എനിക്ക് ആവശ്യത്തിലധികം അവസരങ്ങളും സമയവും അദ്ദേഹം നൽകിയിട്ടുണ്ട്. പലപ്പോഴും ടീമിന് പുറത്താകേണ്ട ഘട്ടങ്ങളിൽ തനിക്ക് പിന്തുണ നൽകി കൂടെ നിൽക്കാനും ധോണി സന്മനസ് കാട്ടിയിട്ടുണ്ടെന്ന് കൊഹ്‍ലി പറഞ്ഞു.

നേരത്തെ, പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള ടീം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞതോടെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമുകളുടെ നായകനായി വിരാട് കൊഹ്‌ലിയെ ബിസിസിഐ സെലക്‌ഷൻ കമ്മിറ്റി തെരഞ്ഞെടുത്തിരുന്നു. എം.എസ്. ധോണിയുടെ പിൻഗാമിയായി നായകത്വം ഏറ്റെടുത്തതോടെ, എല്ലാ ഫോർമാറ്റുകളിലും ടീം ഇന്ത്യയെ ഇനി കൊഹ്‌ലി നയിക്കും.

Scroll to load tweet…