ദില്ലി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാ​ഗമായതിൽ സന്തോഷം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണലുമായ എം.എസ് ധോണി. യുദ്ധവിമാനങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റർ പൈലറ്റുകളെ ലഭിച്ചിരിക്കുന്നുവെന്ന് ധോണി ട്വീറ്റ് ചെയ്തു. 

"ലോകത്തിലെ മികച്ച 4.5 ജനറേഷൻ യുദ്ധവിമാനങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റർ പൈലറ്റുകളെ ലഭിച്ചിരിക്കുന്നു. നമ്മുടെ പൈലറ്റുമാരുടെ കൈയിലെത്തുകയും എയർഫോഴ്സിലെ മറ്റ് വിമാനങ്ങൾക്കൊപ്പം ചേരുകയും ചെയ്യുന്നത് റഫാലിന്റെ ശക്തി വർധിപ്പിക്കും", ധോണി ട്വീറ്റ് ചെയ്തു. 

ഗ്ലോറിയസ് 17 സ്ക്വാഡ്രണിനും (ഗോൾഡൻ ആരോസ്) ധോണി ആശംസകൾ നേർന്നു. മിറാഷ് 2000ന്റെ സർവീസ് റെക്കോഡ് റഫാൽ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുഖോയ് 30 എം.കെ.ഐ ആണ് തന്റെ പ്രിയപ്പെട്ട യുദ്ധവിമാനമെന്നും ധോണി വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് റഫാല്‍ വിമാനങ്ങള്‍ വ്യോമസേനക്ക് കൈമാറിയത്. അതിര്‍ത്തിയില്‍ അശാന്തി തുടരുമ്പോള്‍ ഏത് ആക്രമണത്തെയും ചെറുക്കാന്‍ റഫാലിനാകുമെന്ന്  രാജ് നാഥ് സിംഗ് വ്യക്തമാക്കി. സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ നടന്നത്. ഫ്രാന്‍സ് പ്രതിരോധമന്ത്രി കൂടി പങ്കെടുത്ത ചടങ്ങില്‍ റഫാല്‍ വിമാനങ്ങള്‍ അണി നിരത്തി വ്യോമാഭ്യാസ പ്രടകനവുമുണ്ടായിരുന്നു.