മുംബൈ: വിന്‍ഡീസിനും ഓസീസിനുമെതിരായ ടി20 പരമ്പരകളില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കിയതിനെതിരെ മുന്‍ താരം വിനോദ് കാംബ്ലി രംഗത്ത്. ലോകകപ്പ് വരെ ധോണി ഇന്ത്യന്‍ ടി20 ടീമിനൊപ്പം വേണം. ഇപ്പോള്‍ ധോണിയെ പുറത്താക്കിയതിലെ പൊരുള്‍ തനിക്ക് പിടികിട്ടുന്നില്ലെന്ന് കാംബ്ലി പ്രതികരിച്ചു.

ധോണിയുടെ ഫോമിനെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന വേളയിലാണ് മുന്‍ നായകനെ പുറത്തിരുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ഇതില്‍ ആരാധകര്‍ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെ ധോണിയുടെ ടി20 കരിയറിന് അവസാനമാകുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. എന്നാല്‍ ഇത് ധോണിയുടെ കരിയറിന്‍റെ അവസാനമല്ലെന്നും റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറുടെ ആവശ്യമില്ലെന്നുമാണ് മുഖ്യ സെലക്‌ടര്‍ എംഎസ്‌കെ പ്രസാദിന്‍റെ പ്രതികരണം. 

വിന്‍ഡീസിനും ഓസീസിനുമെതിരെ മൂന്ന് വീതം ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. വിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ സ്ഥിരം നായകന്‍ വിരാട് കോലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.