കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വര്‍കുമാര്‍ ക്രീസിലെത്തുമ്പോള്‍ അപ്രതീക്ഷിത തോല്‍വിയുടെ പടിവാതിലിലായിരുന്നു ഇന്ത്യ. ജയത്തിലേക്ക് പിന്നെയും 100 റണ്‍സ് അകലം. അവശേഷിക്കുന്നത് മൂന്ന് വിക്കറ്റുകള്‍. ലോക ക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷറായ ധോണി ക്രീസിലുണ്ടെങ്കിലും വാലറ്റത്ത് അല്‍പമെങ്കിലും ബാറ്റ് ചെയ്യാനറിയുന്നത് ഭുവനേശ്വര്‍ കുമാറിന് മാത്രം.
രോഹിത് ശര്‍മയും ശീഖര്‍ ധവാനും ചേര്‍ന്ന് നല്ലതുടക്കമിട്ടതിനാല്‍ ഓവറുകള്‍ ധാരാളം ബാക്കിയുണ്ട്. പക്ഷെ വിക്കറ്റുകളായിരുന്നു ഇല്ലാതിരുന്നത്. ഭുവികൂടി വീണാല്‍ പിന്നെ ധോണിയ്ക്കും ഇന്ത്യയെ രക്ഷിക്കാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രീസിലെത്തിയ ഭുവിയോട് ധോണി ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളു. ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതുപോലെ ബാറ്റ് ചെയ്താല്‍ മതി. സമ്മര്‍ദ്ദത്തിന് അടിപ്പെടരുത്, ധാരാളം ഓവറുകള്‍ ഇനിയും ബാക്കിയുണ്ട്. ക്രീസില്‍ പിടിച്ചുനിന്നാല്‍ ജയിക്കാമെന്ന് വിശ്വാസമുണ്ടായിരുന്നു.
നമുക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. ഏഴ് വിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ നഷ്ടമായി. അതുകൊണ്ടുതന്നെ ധോണിക്ക് പരമാവധി പിന്തുണ നല്‍കാനും പിടിച്ചുനില്‍ക്കാനും മാത്രമായിരുന്നു ഞാന്‍ ശ്രമിച്ചത്. രണ്ടാം സ്പെല്ലിനായി ധനഞ്ജയ എത്തുമ്പോള്‍ അദ്ദേഹത്തെ നേരിടാന്‍ എനിക്ക് ഒരു പദ്ധതി ഉണ്ടായിരുന്നു. ഓഫ് സ്പിന്നറാണെങ്കിലും ലെഗ് സ്പിന്നും ഗൂഗ്ലികളും എറിയുന്ന ധനഞ്ജയ ഞങ്ങളെ അത്ഭുതപ്പെടുത്തി. അതുകൊണ്ടുതന്നെ വിക്കറ്റിന് നേര്‍ക്ക് വരുന്ന പന്തുകള്‍ മാത്രമെ ഞാന്‍ കളിക്കാന്‍ ശ്രമിച്ചുളളു.
കാരണം ധനഞ്ജയക്ക് ലഭിച്ച വിക്കറ്റുകളെല്ലാം ഗൂഗ്ലികളിലൂടെയയാിരുന്നു. തുടക്കത്തില്‍ ധനഞ്ജയയെ നേരിടുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഒരു 10-15 പന്തുകള്‍ കഴിഞ്ഞപ്പോള്‍ വലിയ പ്രശ്നമല്ലാതായി. ഏകദിനത്തില്‍ ഒരു അര്‍ധസെഞ്ചുറി നേടാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയതല്ല. അത് ടീമിനെ വിജയത്തിലെത്തിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഭുവി പറഞ്ഞു.
