മുംബൈ: ഇംഗ്ലണ്ടിനെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായി. മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പാര്‍ത്ഥിവ് പട്ടേല്‍ തന്നെയാണ് മുംബൈ ടെസ്റ്റിലും ഇന്ത്യയുടെ വിക്കറ്റ് കാക്കുകയെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി. വൃദ്ധിമാന്‍ സാഹയുടെ തുടയ്ക്കേറ്റ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് വിലയിരുത്തല്‍.  ഈ സാഹചര്യത്തിലാണ് പാര്‍ഥിവിന് മുംബൈ ടെസ്റ്റിലും അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്.

വൃദ്ധിമാന്‍ സാഹ തന്നെയാണ് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍ എന്ന് വ്യക്തമാക്കിയ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പരിക്ക് ഭേദമാകാത്തതാണ് പാര്‍ത്ഥീവിനെ പരിഗണിക്കാന്‍ ഇടയാക്കിയതെന്ന് വ്യക്തമാക്കി. അതെസമയം, 14 അംഗ ഇന്ത്യന്‍ ടീമില്‍ നിന്നും പേസ് ബൗണ്ടര്‍ ഇഷാന്ത് ശര്‍മ്മയെ ഒഴിവാക്കി.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കൗമാര താരം റിഷബ് പന്തിനെ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും പ്രസാദ് സൂചിപ്പിച്ചു. എന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ പന്തിന് വൈകാതെ അവസരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ എട്ട് വര്‍ഷത്തിന് ശേഷം ടീം ഇന്ത്യയില്‍ തിരിച്ചെത്തിയ പാര്‍ഥിവ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 42 റണ്‍സെടുത്ത പാര്‍ഥിവ് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 67 റണ്‍സെടുത്തു. ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്ന ആര്‍ക്കും ദേശീയ ടീമിലെത്താമെന്നതിന്റെ ഉദാഹരണമാണ് സീനിയര്‍ ടീമിലേക്കുള്ള പാര്‍ഥിവിന്റെ രണ്ടാം വരവെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു.