നിരപരാധിത്വം തെളിയിക്കാനാവശ്യമായ എല്ലാ തെളിവുകളും പക്കലുണ്ട്

കൊല്‍ക്കത്ത: ഭാര്യ ഹാസിന്‍ ജഹാന്‍ ഉയര്‍ത്തിവിട്ട വിവാദ ബൗണ്‍സറില്‍ ഉലയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമി തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും രാജ്യത്തെ ഒറ്റിക്കൊടുത്തെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഹാസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട ഷമി രാജ്യത്തെ ഒറ്റിക്കൊടുത്തെങ്കില്‍ തന്നെ തൂക്കിലേറ്റാന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

വിവാദങ്ങളില്‍ വാഗ്വാദങ്ങള്‍ തുടരുന്നതിനിടെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. ഭാര്യ ഹാസിന്‍ ജഹാനുമായി വീണ്ടും കൂടിച്ചേരുന്നത് അപ്രസക്തമായിരിക്കുന്നു. കുടംബത്തെ രക്ഷിക്കാന്‍ താന്‍ വളരെയധികം ശ്രമിച്ചുകഴിഞ്ഞു. എന്നാല്‍ വിഷയം കോടതിയില്‍ എത്തിക്കാനാണ് ഹാസിന്‍ ആഗ്രഹിക്കുന്നത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷമി പറയുന്നു. 

കഴിഞ്ഞ ഏഴ് ദിവസമായി തന്‍റെ കുടുംബാംഗങ്ങള്‍ കൊല്‍ക്കത്തയിലുണ്ട്. എന്നാല്‍ ഹാസിന്‍റെ കുടുംബത്തില്‍ നിന്ന് പ്രതികരണമൊന്നുമില്ല. അതിനാല്‍ വീണ്ടും ഒന്നാകാമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. എന്നാല്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ എല്ലാ തെളിവുകളും പക്കലുണ്ടെന്നും ഷമി പറയുന്നു. ഷമിയുടെ സ്‌നേഹം കെട്ടിച്ചമച്ചതെന്ന ആരോപണവുമായി ഹാസിന്‍ ഇന്ന് രംഗത്തെത്തിയിരുന്നു.