റാഫേല്‍ നദാല്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ ടെന്നിസ് താര പദവിയിലേക്ക്. നിലവിലെ ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേയെ പിന്തള്ളിയാണ് നദാല്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

പരിക്കും പിന്നാലെയെത്തിയ ഫോമില്ലായ്മയും മറികടന്നാണ് റാഫേല്‍ നദാല്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് തിരിച്ചുവരുന്നത്. കഴിഞ്ഞ സിന്‍സിനാറ്റി ടൂര്‍ണമെന്റില്‍ നിക്ക് കിര്‍ഗിയോസിനോട് തോറ്റെങ്കിലും നാലു വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവിന് അത് തടസ്സമായില്ല. നദാലിന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന റോജര്‍ ഫെഡറര്‍ സിന്‍സിനാറ്റിയില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. നിലവില്‍ നദാലിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഫെഡറര്‍. നദാലിന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന നിലവിലെ ഒന്നാം സീഡ് ആന്‍ഡി മറേ പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണ്. വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സാം ക്വറേയോട് തോറ്റ ശേഷം മറേ കളിക്കളത്തിലിറങ്ങിയിട്ടില്ല. ജോക്കോവിച്ചും പരിക്കിന്റെ പിടിയിലാണ്. മറേയുടേയും ഫെഡററുടേയും പരിക്ക് നദാലിന് ഗുണമായെങ്കിലും ആത്മവീര്യം ചോരാതെ സൂക്ഷിച്ചതിനുള്ള അംഗീകാരമായാണ് തിരിച്ചുവരവ് വിലയിരുത്തപ്പെടുന്നത്. ഈ മാസം അവസാനം യുഎസ് ഓപ്പണ്‍ തുടങ്ങാനിരിക്കേ സീഡിംഗിലുണ്ടാക്കിയ മുന്നേറ്റം നദാലിന് ആത്മവിശ്വാസം പകരും.