ബംഗളൂരു: ബംഗളൂരുവില്‍ പൂനെ ആവര്‍ത്തിക്കില്ലെന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ഉറപ്പ് പാഴ്‌വാക്കായി. പൂനെയില്‍ സ്റ്റീഫന്‍ ഒക്കീഫെയാണ് ഇന്ത്യയുടെ അന്തകനായതെങ്കില്‍ ബംഗളൂരുവില്‍ അത് നഥാന്‍ ലിയോണായെന്ന വ്യത്യാസം മാത്രം. ടോസിലെ ആനുകൂല്യം മുതലാക്കാനാവാതെ നഥാന്‍ ലിയോണിന്റെ എട്ടു വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ, ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 189 റണ്‍സിന് പുറത്തായി. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്ത് ഓസീസ് വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. 90 റണ്‍സെടുത്ത രാഹുലിന്റെ ചെറുത്തുനില്‍പ്പില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു.

പതിവ് വിട്ട് ഏഴ് ബാറ്റ്സ്‌മാന്‍മാരുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ജയന്ത് യാദവിന് പകരം കരുണ്‍ നായരും ഓപ്പണര്‍ മുരളി വിജയ്‌യ്ക്ക് പകരം അഭിനവ് മുകുന്ദും ടീമിലെത്തി. എന്നാല്‍ ആറുവര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവില്‍ അക്കൗണ്ട് തുറക്കാന്‍പോലും മുകുന്ദിനായില്ല. സ്റ്റാര്‍ക്കിന്റെ ഫുള്‍ടോസില്‍ മുകുന്ദ് പുറത്താവുമ്പോള്‍ ഇന്ത്യ 11ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. പിന്നീട് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നു. പൂജാരയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ ഉച്ചഭക്ഷണത്തിന് മുമ്പ് 72ല്‍ എത്തിച്ചു. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പു് പൂജാരെയെ(17) വീഴ്‌ത്തിയാണ് ലിയോണ്‍ വിക്കറ്റ് വേട്ട തുടങ്ങിയത്.

Scroll to load tweet…
Scroll to load tweet…

നല്ല തുടക്കമിട്ട കൊഹ്‌ലിയെ(12) ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രഹാനെ(17) ആകട്ടെ ഒരിക്കല്‍ കൂടി സ്പിന്നര്‍ക്ക് മുന്നില്‍ തലകുനിച്ചു. ലിയോണ്‍ തന്നെയായിരുന്നു രഹാനെയും വീഴ്‌ത്തിയത്. പിന്നീട് കരുണ്‍ നായരും(26) രാഹുലും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തി. ഈ പിച്ചില്‍ ആദ്യ ഇന്നിംഗ്സില്‍ 250 റണ്‍സെങ്കിലും നേടിയാല്‍ മേല്‍ക്കൈ നേടാനാവുമെന്നിരിക്കെ കരുണിനെ വീഴ്‌ത്തി ഒക്കീഫേ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. പിന്നീട് ലിയോണിന്റെ തേര്‍വാഴ്‌ചയായിരുന്നു.

പവലിയന്‍ എന്‍ഡില്‍ നിന്ന് ലിയോണ്‍ എറിഞ്ഞ പന്തുകളില്‍ ഏതുനിമിഷവും വിക്കറ്റ് വീഴാമെന്ന് തോന്നിച്ചു. അസാധാരണ ടേണും ബൗണ്‍സും കണ്ടെത്തിയ ലിയോണിന് മുന്നില്‍ അശ്വിന്‍(7), സാഹ(1), ജഡേജ(3), രാഹുല്‍(90), ഇഷാന്ത്(0) എന്നിവര്‍ കൂടി ക്ഷണനേരത്തില്‍ പുറത്തായതോടെ ഇന്ത്യ തുടര്‍ച്ചയായി മൂന്നാം തവണയും 200 പോലും കടക്കാതെ പുറത്തായി. 50 റണ്‍സ് വഴങ്ങിയാണ് ലിയോണ്‍ എട്ടു വിക്കറ്റെടുത്തത്.

Scroll to load tweet…

ഇന്ത്യയ്ക്ക് മറുപടി പറയാനിറങ്ങി ഓസീസ് കരുതലോടെയായിരുന്നു തുടങ്ങിയത്. ഉമേഷ് യാദവിനും ഇഷാന്ത് ശര്‍മയ്ക്കും ഓസീസിന് ഭീഷണിയൊന്നും ഉയര്‍ത്താനാവാഞ്ഞതോടെ തുരുപ്പ് ചീട്ടായ അശ്വിനെ കൊഹ്‌ലി കളത്തിലിറക്കിയെങ്കിലും വിക്കറ്റ് മാത്രം വീണില്ല. ഒടുവില്‍ ആദ്യദിനം ഒരുവിക്കറ്റെങ്കിലും വീഴ്‌ത്താമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കികൊണ്ട് വാര്‍ണറും(23), റെന്‍ഷാ(15)യുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 10 വിക്കറ്റ് ശേഷിക്കെ ഓസീസ് ഇന്ത്യന്‍ സ്കോറിന് 149 റണ്‍സ് പുറകിലാണ്. രണ്ടാം ദിനം കൂട്ടത്തകര്‍ച്ചയുണ്ടായില്ലെങ്കില്‍ ഓസീസ് ഭേദപ്പെട്ട ലീഡ് ഉറപ്പാക്കും. 250 റണ്‍സെങ്കിലും ഓസീസ് ലീഡ് നേടിയാല്‍ ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാഴ്‌ത്തും.