റോഹ്ത്തക്ക്: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ മൂന്നാം ദിനം കേരളത്തിന്‍റെ മെഡല്‍ കൊയ്ത്ത്. ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയും പോള്‍വാള്‍ട്ടില്‍ നിവ്യ ആന്റണിയും റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. അപര്‍ണ റോയി കോഴിക്കോട് പുല്ലൂരാംപാറ സെയ്ന്‍റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കല്ലടിയുടെ താരവും കേരളത്തിന്‍റെ ടീമിന്‍റെ വനിതാ ക്യാപ്റ്റനുമാണ് നിവ്യ ആന്‍റണി . ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി മെഡല്‍ നേട്ടത്തിലെ സന്തോഷം പങ്കുവെച്ചു.

റോഹ്ത്തക്കിലെ കടുത്ത തണുപ്പ് മത്സരത്തില്‍ വെല്ലുവിളിയായിരുന്നു. ശ്വാസം കിട്ടാതെ അവസാനമായപ്പോള്‍ വേഗത കുറഞ്ഞതിനാല്‍ റെക്കോര്‍ഡ് നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ മികച്ച പ്രകടനത്തിലൂടെ സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അപര്‍ണ്ണ റോയി പറഞ്ഞു. മൂന്നാം ദിനം സ്വര്‍ണ്ണം നേടി കേരളത്തിന്‍റെ സ്വര്‍ണ്ണ വരള്‍ച്ച അവസാനിപ്പിച്ചത് അപര്‍ണ്ണയാണ്.‍ നാല് ഇനങ്ങളിലാണ് അപര്‍ണ്ണ മൂന്നാം ദിനം മത്സരിച്ചത്. 

കേരളത്തിനായി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നിവ്യ ആന്‍റണിയും പ്രതികരിച്ചു. പാലയില്‍ നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ ഒന്നാം സ്ഥാനം നേടിയെങ്കിലും റെക്കോര്‍ഡ് നേടാനായിരുന്നില്ല. കല്ലടിയുടെ താരമായ നിവ്യ പാലാ ജെംസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിലും ദേശീയ റെക്കോര്‍ഡിന് ഉടമയാണ് നിവ്യ ആന്‍റണി.