വാഷിംഗ്ടണ്‍: ടെന്നീസ് ഇതിഹാസങ്ങളായിരുന്ന ബ്യോണ്‍ ബോർഗിന്റെയും ജോണ്‍ മെക്കൻറോയുടെയും ടെന്നീസ് കോർട്ടിലെ ശത്രുത സിനിമയാകുന്നു.ബ്യോണ്‍ ബോർഗ് മെക്കൻറോ എന്ന് പേരിട്ടരിക്കുന്ന സിനിമയുടെ ചിത്രീകരണം സ്വീഡനിൽ തുടങ്ങി. ടെന്നീസിന്റെ പുതുയുഗത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രതിയോഗികൾ .കോർട്ടിനുള്ളിലെ ഗ്ലാമറും കളി മികവും ഒപ്പം പക്വത കൊണ്ട് ശ്രദ്ധേയനായ ബ്യോണ്‍ ബോർഗ്, ആവേശവും ആക്രമണോത്സുകതയും കലഹങ്ങളും കൊണ്ട് വാർത്തകളിൽ നിറഞ്ഞ മാക്കൻറോ. മഞ്ഞ് കട്ടയും തീയും എന്ന് എണ്‍പുതുകളിൽ വിശേഷിക്കപ്പെട്ട വൈരികൾ. ബ്യോണ്‍ ബോർഗിന്റെയും ജോണ്‍ മാക്കൻറോയുടെയും ആഘോഷിക്കപ്പെട്ട ശത്രുത ആദ്യമായി വെള്ളിത്തിരയിൽ എത്തുകയാണ്.

ടെന്നീസിലെ ഏറ്റവും വാശിയേറിയ വിംബിൾഡണ്‍ ഫൈനലെന്ന് വിശേഷിപ്പക്കപ്പെട്ട 1980ലെ ബോർഗ്-മക്കൻറോ പോരാട്ടം തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. ഗ്ലാമർ കായിക ഇനമായി ടെന്നീസ് മാറുന്നത് ഇരുവരുടെയും സുവർണ്ണ കാലം മുതൽക്കാണ്.എഴുപതുകളിലും എണ്‍പുതുകളിലും ഫാഷൻ ഐക്കണായി തിളങ്ങിയ ബ്യോണ്‍ ബോർഗിന്റെ കളത്തിന് പുറത്തെ ജീവിതവും സംഭവ ബഹുലമായാരുന്നു.ബോർഗിനെ സിനിമയിൽ അവതരിപ്പിപ്പിക്കുന്നത് പുതുമുഖതാരം വ്റീർ ഗുഡ്നാസനാണ്.അമേരിക്കൻ നടൻ ഷയാ ലാബാഫാണ് മാക്കൻറോയായി എത്തുന്നത്.

കളിക്കളത്തിലെ ശത്രുതയും വിവാദ സംഭവങ്ങളും മാത്രമാകില്ല കളത്തിന് പുറത്ത് മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഇരുവരുടെയും സൗഹൃദവും സിനിമയിൽ ഉണ്ടാവുമെന്ന് സംവിധായകൻ ജാനസ് മെറ്റ്സ് പെഡേഴ്സണ്‍ പറ‌യുന്നു. സിനിമയെ പറ്റി വാർത്തകളിലൂടെ മാത്രമെ അറിഞ്ഞുള്ളുവെന്നും അണിയറ പ്രവർത്തകർ തങ്ങളെ സമീപിച്ചിട്ടില്ലെന്നുമാണ് ബോർഗും മാക്കൻറോയും പറയുന്നത്. ചെറിയ പരിഭവങ്ങളുണ്ടെങ്കിലും എതിർപ്പ് പ്രകടിപ്പിക്കാതെ ഇതിഹാസ താരങ്ങൾ സംരഭത്തിന് ആശംസകൾ നേർന്നു കഴിഞ്ഞു. അടുത്ത വർഷം മധ്യത്തോടെ ചിത്രം തീയറ്ററുകളിലെത്തും.