കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാന്‍ ജര്‍മനിയില്‍ നിന്ന് പുതിയൊരു താരം എത്തുന്നു. ജാന്‍ക്രിക്കോഫ് എന്നാണ് ഈ ദേശീയ താരത്തിന്‍റെ പേര്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണില്‍ അരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ വിഷമിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ജാന്‍ ടിം ക്രിക്കോഫിലാണ് ഇനി പ്രതീക്ഷ. 

സെന്‍ട്രല്‍ ഡിഫന്‍ററായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ക്രിക്കോഫ് വരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഇപ്പോഴത്തെ അനിശ്ചിതത്വങ്ങള്‍ അവസാനിക്കുമെന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെ വിശ്വാസം. പരിചയ സമ്പന്നനായ ക്രിക്കോഫ് വെറ്ററന്‍ താരവുമല്ല. ഇരുപത്തിയേഴുകാരനാണദ്ദേഹം. ആറടി അഞ്ചിഞ്ച് ഉയരമുള്ള ക്രിക്കോഫ് 2013 മുതല്‍ 16 വരെ ലവന്‍റോവ്‌സ്‌കി, മുള്ളര്‍, ഫ്രാങ്ക് റിബറി എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ലോകത്തെ മികച്ച ടീമുകളില്‍ ഒന്നായ ബയേണ്‍ മ്യൂണിക്കിന്‍റെ ഭാഗമായിരുന്നു. 

ബയേണില്‍ നിന്ന് ഷാല്‍ക്കേയിലേക്ക് മാറിയ ക്രിക്കോഫ് 2016 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സണ്ടര്‍ലാന്‍റിന്‍റെ താരമാണ്. അവിടെ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. ജനുവരിയില്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നേക്കും. ജര്‍മനിയുടെ പതിനെട്ടിനും, പത്തൊമ്പതിനും, ഇരുപത്തിയൊന്നിനും താഴെ പ്രായമുള്ളവരുടെ ദേശീയ ടീമിനുവേണ്ടി 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രിക്കോഫ് മികച്ച മിഡ്ഫീല്‍ഡറെന്ന നിലയില്‍ ശ്രദ്ധേയനാണ്.