ഫിഫ ലോകകപ്പ് വേദി ആയുധമാക്കി, ഖത്തറിനെതിരെ പുതിയ നീക്കം. 2022ലെ ലോകകപ്പ് ഖത്തറില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സൗദി അറേബ്യ അടക്കം ആറു രാജ്യങ്ങള്‍ ഫിഫക്ക് കത്തയച്ചു.

ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ റദ്ദാക്കിയ സൗദി അറേബ്യ, യെമന്‍, ബഹറീന്‍, ഈജിപ്റ്റ്, യു.എ ഇ, മൗറീറ്റാന്യ എന്നീ രാജ്യങ്ങളാണ് ലോകകപ്പ് വേദി
മാറ്റണമെന്ന് ആവശ്യപ്പെട്ടത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രാജ്യത്ത് ലോകകപ്പ് സംഘടിപ്പിച്ചാല്‍ കളിക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോക്ക് അയച്ച കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യത്തില്‍ ലോകകപ്പ് വേദി മാറ്റാന്‍ അനുവദിക്കുന്ന ഫിഫ ഭരണഘടനയിലെ 85ാം ചട്ടം ഉപയോഗിക്കണമെന്നാണ് ആവശ്യം. ഫിഫ വേദി മാറ്റിയില്ലെങ്കില്‍ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ആറ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. 1994നും 2006നും ഇടയിലെ എല്ലാ ലോകകപ്പിലും കളിച്ചിട്ടുള്ള സൗദി അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1990ന് ശേഷം ആദ്യമായി ലോകകപ്പില്‍ പന്ത് തട്ടാന്‍ ഒരുങ്ങുകയാണ് ഈജിപ്റ്റ്. 1990ലെ ലോകകപ്പില്‍ കളിച്ച യു.എ.ഇക്കും റഷ്യയിലെത്താന്‍ നേരിയ സാധ്യതയുണ്ട്. മറ്റ് മൂന്ന് രാജ്യങ്ങളും ലോകകപ്പിന് ഇതുവരെയും യോഗ്യത നേടിയിട്ടില്ല. കത്ത് കിട്ടിയതായി സ്ഥിരീകരിച്ച ഇന്‍ഫാന്റിനോ, കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാരായില്ല. നയതന്ത്ര പ്രശ്നം ഉയര്‍ന്നുവന്ന സമയത്ത് ഖത്തറുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് മാത്രമായിരുന്നു ഫിഫയുടെ പ്രതികരണം. എന്തായാലും ഗള്‍ഫ് മേഖലയെ ഫുട്ബോളിലൂടെ ഒന്നിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ ലോകകപ്പ് വേദിയായ ഖത്തറിനെ അയല്‍രാജ്യങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ രാജ്യാന്തര ഫുട്ബോള്‍ സംഘടനയും വെട്ടിലാവുകയാണ്.