അഞ്ചാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ട് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി

കൊളംബോ: നിദാഹത്ത് ട്രോഫി ടി20യില്‍ ശ്രീലങ്കയ്ക്കെതിരെ നിര്‍ണായകമായ ആറ് വിക്കറ്റ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ട്. വിജയലക്ഷ്യമായ 153 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 22 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായത് തുടക്കത്തിലെ തിരിച്ചടിയായിരുന്നു. പിന്നാലെ വലിയ സംഭാവനകളില്ലാതെ റെയ്നയും രാഹുലും മടങ്ങിയതോടെ ഇന്ത്യ 9.5 ഓവറില്‍ നാല് വിക്കറ്റിന് 85 റണ്‍സെന്ന നിലയിലായി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കരുതലോടെ കളിച്ച ദിനേശ് കാര്‍ത്തിക്കും മനീഷ് പാണ്ഡെയും ഇന്ത്യയെ കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 68 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടി20യില്‍ സ്കോര്‍ പിന്തുടരുമ്പോള്‍ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണ് ഇത്. 2013ല്‍ രാജ്കോട്ട് ടി20യില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി- യുവി സഖ്യത്തിന്‍റെ പേരിലാണ് റെക്കോര്‍ഡ്.