ഗുവാഹത്തി: മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശയേകി കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. രണ്ടാം പകുതിയില്‍ ജാപ്പനീസ് താരം കറ്റ്‌സുമി യൂസയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്. അന്‍പത്തിയഞ്ചാം മിനിട്ടില്‍ അര്‍ജന്റീനന്‍ താരം നിക്കോളാസ് വെലസിന്റെ പാസില്‍നിന്നാണ് കറ്റ്‌സുമി യൂസ വിജയഗോള്‍ കുറിച്ചത്. ബോക്‌സിലേക്ക് കുതിച്ചെത്തിയ യൂസയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് കണ്ടുനില്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് ഗോളിക്ക് സാധിച്ചുള്ളു. ഇന്ത്യയിലെ ഐ -ലീഗ് ടീമായ മോഹന്‍ ബഗാന്റെ താരമായിരുന്നു കറ്റ്‌സുമി യൂസ.
ആദ്യ പകുതിയെ ആപേക്ഷിച്ച് രണ്ടാം പകുതിയിലാണ് മല്‍സരം ചടുലമായത്. ഇരു ഗോള്‍കീപ്പര്‍മാര്‍ക്കും പിടിപ്പതു പണി സമ്മാനിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇരമ്പിയാര്‍ത്തത്. ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവിലാണ് മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോള്‍ പിറന്നത്.
അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കെതിരെ ഒക്‌ടോബര്‍ അഞ്ചിന് കൊച്ചിയില്‍ വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.
വര്‍ണാഭമായ ഉദ്ഘാടന പരിപാടികളോടെയാണ് ഐ എസ് എലിന്റെ പുതിയ സീസണിന് തുടക്കമായത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു, ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും ഐ എസ് എല്‍ ഉദ്ഘാടന ചടങ്ങിന് സന്നിഹിതരായിരുന്നു.
