ഒരവസരത്തില്‍ ഏഴിന് 65 എന്ന നിലയിലേക്ക് തകര്‍ന്നുപോയ ന്യൂസിലാന്‍ഡിനെ കരകയറ്റിയത് ഓപ്പണര്‍ ടോം ലഥാമിന്റെ അപരാജിത പോരാട്ടമാണ്. വാലറ്റത്ത് ടിം സൗത്തി നടത്തിയ വെടിക്കെട്ടാണ് കീവികളുടെ സ്‌കോര്‍ 190 വരെ എത്തിച്ചത്. ടോം ലഥാം പുറത്താകാതെ 79 റണ്‍സും ടിം സൗത്തി 55 റണ്‍സും നേടി. 98 പന്തില്‍നിന്നാണ് ലഥാം 79 റണ്‍സെടുത്തത്. ഇതില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും ഉണ്ടായിരുന്നു. 45 പന്ത് നേരിട്ട സൗത്തി ആറു ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉള്‍പ്പടെയാണ് 55 റണ്‍സെടുത്തത്.

അരങ്ങേറ്റ ഏകദിനം കളിച്ച ഹര്‍ദ്ദിക് പാണ്ഡ്യയും ഉമേഷ് യാദവും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിന്റെ മുന്‍നിരയെ തകര്‍ത്തത്. ഹര്‍ദ്ദിക് പാണ്ഡ്യ, അമിത് മിശ്ര എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍, ഉമേഷ് യാദവ്, കേദാര്‍ യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ന്യൂസിലാന്‍ഡ് മുന്‍നിരയില്‍ ടോം ലഥാം ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. മാര്‍ട്ടിന്‍ ഗപ്‌ടില്‍ 12 റണ്‍സെടുത്ത് പുറത്തായി. കെയ്ന്‍ വില്യംസണ്‍(മൂന്ന്), റോസ് ടെയ്‌ലര്‍(പൂജ്യം), കോറി ആന്‍ഡേഴ്‌സണ്‍(നാല്), ലുക്ക് റോഞ്ചി(പൂജ്യം) എന്നിവരെ അതിവേഗം പുറത്താക്കാന്‍ ഇന്ത്യന്‍ സീമര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യ നേടിയെടുത്ത മുന്‍തൂക്കം നിലനിര്‍ത്താന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. അവസാന വിക്കറ്റുകളില്‍ സൗത്തിയും ലഥാമും ആഞ്ഞടിച്ചപ്പോള്‍ കീവികളുടെ സ്‌കോര്‍ 190 വരെ എത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്.

നേരത്തെ അരങ്ങേറ്റ ഏകദിന മല്‍സരം കളിക്കാന്‍ ഇറങ്ങിയ ഹര്‍ദ്ദിക് പാണ്ഡയ്‌ക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് ഏകദിന ക്യാപ് നല്‍കി. പരിക്കിനുശേഷം കോറി ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തിയതാണ് ന്യൂസിലാന്‍ഡ് ടീമിലെ സവിശേഷത.