കറാച്ചി: ക്രിക്കറ്റ് താരങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബുള്ളറ്റ് പ്രൂഫ് ബസുകള്‍ വാങ്ങി. അന്താരാഷ്‌ട്ര മത്സരങ്ങള്‍ പാകിസ്ഥാനിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിസിബിയുടെ പുതിയ നീക്കം. 2009 ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് അടുത്ത് വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളെ തോക്കുധാരി ആക്രമിച്ച സംഭവം പാകിസ്ഥാനെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയും കുമാര്‍ സംഗക്കാരയും ചാമിന്ദ വാസുമടക്കം അടക്കം ആറ് ക്രിക്കറ്റ് താരങ്ങള്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.

ആറ് സുരക്ഷാ ജീവനക്കാരുള്‍പ്പെടെ എട്ടു പേര്‍ അന്നത്തെ ആക്രമണത്തില്‍ മരിക്കുകയും ചെയ്തു.ഈ സംഭവത്തെ തുടര്‍ന്നാണ് ഹോം മാച്ചുകള്‍ രാജ്യത്തിന് പുറത്തേക്ക് മാറ്റാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതമായത്. 2015 ല്‍ സിംബാബ്‍വേ ടീം പാകിസ്ഥാനില്‍ പരമ്പര നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ ഹോം മാച്ചുകളും പാകിസ്ഥാന്‍ യുഎഇയില്‍ വച്ചാണ് നടത്തിയത്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലും യുഎഇയില്‍ വച്ചാണ് നടത്തിയത്. ഈസാഹചര്യത്തിലാണ് ബുള്ളറ്റ് പ്രൂഫ് ബസുകള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി പിസിബി വാങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആറ് ബസുകളാണ് വാങ്ങുന്നത്. ബി 6 തലത്തിലെ സുരക്ഷയാണ് ഒരുക്കുന്നത്. ഏത് തരത്തിലെ ആക്രമണങ്ങളെ നേരിടുന്നതിലും സജ്ജമാണ്. വിദേശകളിക്കാരെയും മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളേയും സുരക്ഷാക്രമീകരണങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുകയെന്ന് നജാം സേത്തി പറഞ്ഞു. ഹോം മാച്ചുകള്‍ പാകിസ്ഥാനില്‍ വച്ച് തന്നെ നടത്താമെന്ന പ്രതീക്ഷയിലാണ് പിസിബി.