ജയിച്ചു കഴിഞ്ഞ് പിച്ചിന് തൊട്ടടുത്ത് നിന്ന് പാക് കളിക്കാര്‍ എല്ലാവരും ചേര്‍ന്ന് ചെയ്ത പുഷ് അപ്പ് പാകിസ്താന്റെ മുഖം മോശമാക്കുമെന്നാണ് ആരോപണം. രംഗത്ത് വന്നിരിക്കുന്നത് പാകിസ്താന്‍ മുസ്‌ളീം ലീഗ് നവാസ് സെനറ്റര്‍ റാണ അഫ്‌സല്‍ ഖാനാണ്. സെനറ്റിന്റെ സ്‌പോര്‍ട്‌സ് സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ഖാന്‍ തുറന്നടിക്കുകയും ചെയ്തു.

പുഷ് അപ്പ് ചെയ്യുന്നതിന് പകരം കളിക്കാര്‍ കളത്തില്‍ പ്രാര്‍ത്ഥനയോ സജ്ദയോ ആണ് ചെയ്യേണ്ടതെന്നാണ് ഖാന്റെ അഭിപ്രായം. ക്രിക്കറ്റ് എന്നാല്‍ മാന്യന്മാരുടെ കളിയാണ്. എന്നാല്‍ പുഷ് അപ്പ് മറ്റ് ചില കാര്യങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പാക് ക്രിക്കറ്റിന്‍റെ മാന്യതയെ ഇത്തരം നടപടികള്‍ കളങ്കം വരുത്തുമെന്നും ഇത്തരം ആഘോഷം പാകിസ്താന് തെറ്റായ മുഖം നല്‍കുമെന്നും ഇത് പുന: പരിശോധിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഇതൊരു ആചാരമെന്നും അല്ലെന്നും ഇംഗ്‌ളണ്ട് പര്യടനത്തില്‍ മാത്രമാണ് സംഭവിച്ചതെന്നും ആണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഭിപ്രായം. കളിക്കാര്‍ ചെയ്യുന്ന അത്തരം ആഘോഷം പെട്ടെന്ന് തന്നെ അവസാനിപ്പിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നജാം സേഥി പറഞ്ഞു. 

പാകിസ്താനി കളിക്കാര്‍ക്കിടയില്‍ പുഷ് അപ്പ് അടിച്ചുള്ള ആഘോഷം അടുത്ത കാലത്ത് വളരെ പ്രചാരം നേടിയിരുന്നു. ജൂലൈയില്‍ ഇംഗ്‌ളണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ ശേഷം നായകന്‍ മിസ്ബാ ഉള്‍ ഹഖാണ് ഇക്കാര്യം ആദ്യം ചെയ്തത്. 

ലോര്‍ഡ്‌സില്‍ ടെസ്റ്റ് ജയിച്ച ശേഷം കളിക്കാരെല്ലാം ചേര്‍ന്ന് ഇങ്ങിനെ ചെയ്തായിരുന്നു വിജയം ആഘോഷിച്ചത്. ഇംഗ്‌ളണ്ട് പര്യടനത്തിനിടയിലും പാകിസ്താന്‍ സൈന്യവുമായുള്ള പരിശീലനത്തിന് ഇടയിലും പാകിസ്താന്‍ കളിക്കാര്‍ ചെയ്തിരുന്നു.