സ്വന്തം ടീമംഗത്തിന് നേര്‍ക്ക് പന്ത് വലിച്ചെറിഞ്ഞ് പാക്കിസ്ഥാന്‍ താരം

കറാച്ചി: വിവാദങ്ങളുടെ സിക്സര്‍മഴ പെയ്യിച്ച് തകര്‍ത്താടുകയാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്. നോ ബോള്‍ വിവാദത്തിന് പിന്നാലെ പിഎസ്എല്ലിനെ ചൂടുപിടിപ്പിച്ച് മറ്റൊരു വിവാദം കൂടി. ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സും ലാഹോര്‍ ഖലന്തറും തമ്മില്‍ നടന്ന മത്സരത്തിനിടെ സുഹൈല്‍ ഖാനും യാസിര്‍ ഷായും തമ്മില്‍ നടന്ന പന്തേറാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്.

ക്വാട്ട ബാറ്റ് ചെയ്യവേ 18-ാം ഓവറില്‍ ലാഹോര്‍ ഖലന്തറിനായി പന്തെറിയാനെത്തിയത് പേസര്‍ സുഹൈല്‍ ഖാന്‍. നാലാം പന്ത് എറിയും മുമ്പ് ഫീല്‍ഡര്‍മാര്‍ക്ക് സുഹൈല്‍ ഖാന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഡീപില്‍ ഫീല്‍ഡ് ചെയ്തിരുന്ന യാസിര്‍ ഷാ ഇത് ശ്രദ്ധിക്കാതെ ആയതോടെ സുഹൈല്‍ ഖാന്‍ ദേഷ്യം പിടിച്ച് പന്ത് താരത്തിന് നേര്‍ക്ക് വലിച്ചെറിഞ്ഞു. 

ഭാഗ്യത്തിനാണ് തലയില്‍ പന്ത് പതിക്കാതെ യാസിര്‍ ഷാ രക്ഷപെട്ടത്. തുടര്‍ന്ന് ഷാ പ്രകോപിതനായി ബൗണ്ടറി വിട്ട് മുന്നോട്ട് കയറി സുഹൈല്‍ ഖാനോട് നേര്‍ക്ക് കയര്‍ത്തു. ഒടുവില്‍ പന്ത് തിരികെ വലിച്ചെറിഞ്ഞ് സുഹൈല്‍ ഖാന് നേര്‍ക്കുള്ള കലിപ്പും തീര്‍ത്തു. പിന്നീട് നായകന്‍ ബ്രണ്ടന്‍‍ മക്കല്ലം എത്തിയാണ് ഇരുവരെയും ആശ്വസിപ്പിച്ച് രംഗം ശാന്തമാക്കിയത്. 

Scroll to load tweet…