ദുബായ്: സമകാലീന ക്രിക്കറ്റിലെ മികവിന്റെ പോരാട്ടത്തില്‍ വിരാട് കോലിക്കൊപ്പമുള്ള പേരാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണിന്റേത്. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിരാട് കോലി ബാറ്റ് കൊണ്ട് ആരാധകരെ നിരാശപ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍  അപരാജിത സെഞ്ചുറിയുമായി കെയ്ന്‍ വില്യാംസണ്‍ ന്യൂസിലന്‍ഡിന്റെ രക്ഷകനായി. 72 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന ശക്തമായ നിലയിലാണ്.

139 റണ്‍സോടെ വില്യാംസണും 90 റണ്‍സുമായി ഹെന്‍റി നിക്കോള്‍സും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 198 റണ്‍സിന്റെ ലീഡുണ്ട്. 60/4 എന്ന സ്കോറില്‍ പരാജയം തുറിച്ചുനോക്കുമ്പോഴാണ് വില്യാംസണിന്റെയും നിക്കോള്‍സിന്റെയും വീരോചിത കൂട്ടുകെട്ട് കീവീസിന് വിജയപ്രതീക്ഷ നല്‍കിയത്. അവസാന ദിനം 300 റണ്‍സിന് മേല്‍ ലീഡ് നേടിയാല്‍ പരമ്പര തോല്‍ക്കില്ലെന്ന് കീവീസിന് ഉറപ്പിക്കാം.

ആദ്യ ടെസ്റ്റില്‍ അവിശ്വസനീയ ജയം നേടിയ കീവീസ് രണ്ടാം ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. പാക്കിസ്ഥാനായി യാസിര്‍ ഷായും ഷാഹിന്‍ അഫ്രീദിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റെടുത്ത യാസിര്‍ ഷാ ടെസ്റ്റില്‍ അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന ബൗളറെന്ന നേട്ടവും കൈവരിച്ചു. എങ്കിലും 37 ഓവര്‍ എറിഞ്ഞ യാസിര്‍ 107 റണ്‍സ് വഴങ്ങി.