റോം: ഇറ്റലിയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാണ് എന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ വംശജനായ അഫ്താബ് ഫാറൂഖാണ് ആരോപണ വിധേയനായിരിക്കുന്നത്. തുടര്‍ന്ന് ഇയാളെ ഇറ്റലിയില്‍ നിന്നും പാകിസ്താനിലേക്ക് നാടുകടത്തിയിരിക്കുകയാണ്. ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ചില സംഭാഷണങ്ങള്‍ ചോര്‍ന്നതോടെയാണ് ഇയാളുടെ ഭീകരബന്ധം പുറത്തറിഞ്ഞതത്രേ.
മിലാനിലെ വൈന്‍ ഷോപ്പിലോ വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളത്തിലോ ആക്രമണം നടത്തി യൂറോപ്പിലാകെ ഭയം വിതയ്ക്കാമെന്ന തരത്തില്‍ ഇയാള്‍ സംസാരിക്കുന്ന ടേപ്പാണ് പുറത്തായതെന്നാണ് ആരോപണം. ഇരുപത്തിയാറുകാരനായ ഫാറൂഖ് സിറിയയിലേക്ക് കടന്ന് ഭീകരസംഘടനയായ ഐസില്‍ ചേരാന്‍ പദ്ധതിയിട്ടുവരുകയായിരുന്നുവെന്ന് ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി ഏഞ്ചലീനോ അല്‍ഫാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫാറൂഖിന് ഭീകരബന്ധമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് കിങ്‌സ്‌ഗ്രോവ് മിലാനോ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റും ഫാറൂഖിന്റെ രക്ഷകര്‍തൃസ്ഥാനത്തുള്ളയാളുമായ ഫാബിയോ മറാബിനി പറഞ്ഞു. അവര്‍ ഫാറൂഖിനെ വിമാനത്തില്‍ കയറ്റി അയയ്ക്കുന്നതിനുമുന്‍പ് ഞാന്‍ അയാളെ കണ്ടിരുന്നു. വല്ലാത്ത ഭയപ്പാടിലായിരുന്നു അവന്‍.
ഞാന്‍ അവനുവേണ്ടി ഇതുവരെ ചെയ്തതിനെല്ലാം അവന്‍ നന്ദി പറഞ്ഞു. തനിക്ക് പാക്കിസ്ഥാനില്‍ യാതൊരു ബന്ധങ്ങളുമില്ലെന്നും അവിടെ ചെന്നിട്ട് എന്തുചെയ്യുമെന്ന് അറിയില്ലെന്നും അവന്‍ പറഞ്ഞുഫാബിയോ മറാബിനി പറഞ്ഞു. ഭീകരബന്ധം ആരോപിച്ച് ബുധനാഴ്ചയാണ് ഫാറൂഖിനെ ഇറ്റലിയില്‍നിന്ന് പുറത്താക്കിയത്. അതേസമയം, ഫാറൂഖിനെ പുറത്താക്കിയ നടപടി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഫാറൂഖിന്‍റെ കുടുംബം.
