പോഗ്ബ അത്തരമൊരു മണ്ടത്തരം കാട്ടില്ലെന്ന് മൗറീന്യോ
മാഞ്ചസ്റ്റര്‍: റഷ്യന്‍ ലോകകപ്പിലെ സൂപ്പര്‍ ഹീറോയായിരുന്നു പോള്‍ പോഗ്ബയെന്ന ഫ്രഞ്ചുകാരന്‍. ലോക കിരീടം ഫ്രാന്‍സിലെത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു പോഗ്ബയുടെ കളി. മധ്യനിരയില്‍ കളി മെനഞ്ഞ് ഫ്രാന്‍സിന് കുതിപ്പേകുന്നതില്‍ പ്രധാനിയായിരുന്നു താരം.
ലോകകപ്പിന് പിന്നാലെ മാഞ്ചസ്റ്ററിന്‍റെ സൂപ്പര്‍ താരത്തിനെ സ്വന്തമാക്കാന്‍ ബാഴ്സലോണ രംഗത്തെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പോഗ്ബ ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക് കൂട്ടായി യുവന്‍റസിലെത്തുമെന്നാണ്. മാഞ്ചസ്റ്ററില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന താരം തന്‍റെ പഴയ ക്ലബായ യുവന്‍റസുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിസ്റ്റ്യാനോയ്ക്കൊപ്പം പോഗ്ബ കൂടിയെത്തിയാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം തന്നെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയന്‍ ശക്തികളെന്നും അഭ്യൂഹമുണ്ട്. എന്തായാലും ഈ വാര്‍ത്തകളോട് അതി രൂക്ഷമായാണ് മാഞ്ചസ്റ്ററും മാനേജര്‍ മൗറീന്യോയും പ്രതികരിച്ചത്. പോഗ്ബ അത്തരമൊരു മണ്ടത്തരം കാട്ടില്ലെന്നും താരം മാഞ്ചസ്റ്ററില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മൗറീന്യോ പ്രതികരിച്ചത്. വരുന്ന സീസണില്‍ താരം മികച്ച പ്രകടനം നടത്തുമെന്നും ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും മാഞ്ചസ്റ്റര്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
