ഗാലെ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയമായ വിജയത്തോടെ ശ്രീലങ്ക മൂന്ന് മത്സരങ്ങളുള്ള പരമ്പര തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ കരസ്ഥമാക്കി. മൂന്നാമത്തെ ടെസ്റ്റ് ഓഗസ്റ്റ് 13 മുതല്‍ 17വരെ കൊളംബോയില്‍ നടക്കും. 1999ന് ശേഷം ഇത് ആദ്യമായാണ് ഓസ്ട്രേലിയയ്ക്ക് എതിരെ ശ്രീലങ്ക ഒരു പരമ്പര നേടുന്നത്.

229 റണ്‍സിനാണ് ഓസ്ട്രേലിയയെ ശ്രീലങ്ക തോല്‍പ്പിച്ചത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ പന്ത് കുത്തിത്തിരിച്ചപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കന്‍ സ്പിന്നര്‍ ദില്‍റുവാന്‍ പെരേര 70 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാര്‍ണര്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ച് ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ശ്രമിച്ചു (31 പന്തില്‍ 41). എന്നാല്‍ പെരേരയ്ക്ക് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയത് പേരേര ആയിരുന്നു.

മത്സരം ചുരുക്കത്തില്‍ 

ശ്രീലങ്ക 281 & 237 
ഓസ്ട്രേലിയ 106 & 183 (50.1 ഓവര്‍, ലക്ഷ്യം 413)