എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരുടേത് തകര്‍പ്പന്‍ പ്രകടമായിരുന്നു.

ലണ്ടന്‍: ഇന്ത്യ ക്രിക്കറ്റിന്റെ ശക്തി എത്രയെന്ന് തെളിയിക്കുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരേ മൂന്നാമത്തേയും അവസാനത്തേയും ട്വന്റി20 മത്സരം. വ്യക്തിഗത പ്രകടനം കൊണ്ടും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരുടേത് തകര്‍പ്പന്‍ പ്രകടമായിരുന്നു. അരങ്ങേറ്റം കുറിച്ച് സിദ്ധാര്‍ത്ഥ് കൗളും നിരാശപ്പെടുത്തിയില്ല. ക്യാപ്റ്റന്‍ വിരാട് കോലിയും നിര്‍ണായക സമയത്ത് അവസരോചിത ഇന്നിങ്‌സ് പുറത്തെടുത്തു.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തില്‍ നിന്ന് തുടങ്ങാം. പന്തെടുത്തപ്പോള്‍ നാല് വിക്കറ്റാണ് പാണ്ഡ്യ വീഴ്ത്തിയത്. മടക്കി അയച്ചത് ചില്ലറക്കാരേയല്ല. ഇംഗ്ലണ്ടിന്റെ മധ്യനിര ഹാര്‍ദിക്കിന്റെ ബൗളിങ്ങിന് മുന്നില്‍ മുട്ടുക്കുത്തി വീണു. പുറത്താക്കിയത്, അലക്‌സ് ഹെയ്ല്‍സ്, ഒയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരെല്ലാം പാണ്ഡ്യയുടെ പന്തുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. പിന്നീട് ബാറ്റെടുത്തപ്പോള്‍ വിലപ്പെട്ട 33 റണ്‍സും പാണ്ഡ്യ സമ്മാനിച്ചു. 14 പന്തുകള്‍ മാത്രമാണ് ഇന്ത്യയുടെ പുതിയ ഫിനിഷര്‍ നേരിട്ടത്. നാല് ഫോറും രണ്ട് കൂറ്റന് സിക്‌സും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിഹ്‌സ്.

മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ പ്രകടനവും എടുത്ത് പറയേണ്ടിയിരിക്കുന്നു. 37 വയസ് പൂര്‍ത്തിയായ ധോണി ഇന്ന് സ്റ്റംപിന് പിന്നില്‍ മിന്നുന്ന പ്രകടനാണ് പുറത്തെടുത്തത്. അഞ്ച് ക്യാച്ചുകളിലും ഒരു റണ്ണൗട്ടിലും ധോണി നേരിട്ട് ഇടപ്പെട്ടു. ഇനി രോഹിത് ശര്‍മ. താരത്തിന്റെ മൂന്നാം ട്വന്റി20 സെഞ്ചുറിയാണിത്. 56 പന്തില്‍ നിന്ന് രോഹിത് 100 പൂര്‍ത്തിയാക്കി. അഞ്ച് സിക്‌സും 11 ഫോറും അടങ്ങുന്ന അതി മനോഹര ഇന്നിങ്‌സ്. 

കാമിയോ റോളുമായി ക്യാപ്റ്റന്‍ വിരാട് കോലിയും അരങ്ങേറ്റക്കാരന്‍ സിദ്ധാര്‍ത്ഥ് കൗളും. 29 പന്ത് മാത്രം നേരിട്ട കോലി 43 റണ്‍സ് നേടി. രണ്ട് സിക്‌സും ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. കൗളാവട്ടെ നാലോവറില്‍ 35 റണ്‍സ് മാത്രമാണ് വഴിങ്ങിയത്. ഇന്നത്തെ ഈ പ്രകടനങ്ങള്‍ മാത്രം മതിയാവും ഇന്ത്യ എത്രത്തോളം ശക്തരാണെന്ന് ക്രിക്കറ്റ് ലോകത്തിന് മനസിലാക്കാന്‍. ലോകത്തെ മികച്ച ഡെത്ത് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പുറത്താണെന്ന് കൂടി ഓര്‍ക്കണം.